ജിദ്ദ - നഗരത്തിൽ നടപ്പാക്കുന്ന ചേരിവികസന പദ്ധതിയുടെ ഭാഗമായി വീടുകൾ പൊളിച്ചുമാറ്റിയരുടെ വാടകയിനത്തിൽ ഇതുവരെ ആകെ 78.95 കോടി റിയാൽ വിതരണം ചെയ്തതായി മക്ക ഗവർണറേറ്റ് അറിയിച്ചു. 2021 ഒക്‌ടോബറിലാണ് ജിദ്ദയിൽ ചേരിവികസന പദ്ധതിയുടെ ഭാഗമായി സ്ഥലങ്ങൾ ഏറ്റെടുത്ത് കെട്ടിടങ്ങളും വീടുകളും പൊളിക്കാൻ തുടങ്ങിയത്. അന്നു മുതൽ ഇതുവരെ 24,848 സൗദി കുടുംബങ്ങളെ ഗവൺമെന്റ് ചെലവിൽ മാറ്റിപ്പാർപ്പിച്ചു. ഇവരുടെ വാടകയിനത്തിൽ ഇതുവരെ 78.95 കോടി റിയാൽ വിതരണം ചെയ്തു. വീട്ടുപകരണങ്ങൾ നീക്കം ചെയ്യൽ, ഭക്ഷണ വിതരണം, കുട്ടികൾക്കുള്ള പാൽപ്പൊടി വിതരണം, മരുന്ന് വിതരണം, ഭക്ഷ്യകിറ്റ് വിതരണം എന്നിവ അടക്കം 1,11,600 സേവനങ്ങൾ ചേരിപ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് നൽകി. ഈ കുടുംബങ്ങളിലെ 297 സൗദി യുവതീയുവാക്കൾക്ക് ജോലികൾ കണ്ടെത്തി നൽകി. 2,392 കുടുംബങ്ങൾക്ക് സ്വന്തം ഉടമസ്ഥതയിലുള്ള പുതിയ പാർപ്പിടങ്ങൾ വിതരണം ചെയ്തതായും മക്ക ഗവർണറേറ്റ് അറിയിച്ചു.