Sorry, you need to enable JavaScript to visit this website.

പ്രതിയുടെ ലക്ഷ്യമല്ല, ഇരയുടെ ആഘാതമാണ് പ്രശ്‌നം; കൂടെ നിൽക്കണമെന്ന് പുരുഷ മാധ്യമപ്രവർത്തരോട് വനിതാ മാധ്യമ കൂട്ടായ്മ

കൊച്ചി - നടൻ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിൽ വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണത്തിൽ പ്രതിഷേധവുമായി മാധ്യമരംഗത്തെ സ്ത്രീകളുടെ അവകാശങ്ങൾക്കും ലിംഗനീതിയ്ക്കുമായി നിലകൊള്ളുന്ന എൻ.ഡബഌൂ.എം.ഐ (നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ) കൂട്ടായ്മ. കൂട്ടത്തിലൊരു സ്ത്രീ, തൊഴിലിടത്തിൽ അപമാനിതയായാൽ കൂടെ നിൽക്കാനുള്ള ആർജവം പുരുഷ മാധ്യമപ്രവർത്തകർ കാണിക്കണമെന്ന് സംഘടന പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 
പ്രസ്താവനയുടെ പൂർണ രൂപം ഇങ്ങനെ:
2023 ഒക്ടോബർ 27ാം തിയതി കോഴിക്കോട്ടെ കെപിഎം ട്രൈപെൻഡ ഹോട്ടലിനു മുന്നിൽ വച്ച്, മാധ്യമപ്രവർത്തകരെ അഭിമുഖീകരിച്ചു സംസാരിക്കവെ, ബിജെപി നേതാവും ചലച്ചിത്ര നടനും ദേശീയ പുരസ്‌കാര ജേതാവുമായ സുരേഷ് ഗോപി മീഡിയ വൺ കറസ്‌പോണ്ടന്റ് ഷിദ ജഗത്തിനു നേരെ നടത്തിയ അനുചിത പെരുമാറ്റമാണ് വനിതാ മാധ്യമപ്രവർത്തകർക്കെതിരെയുള്ള ഏറ്റവും പുതിയ ആക്രമണത്തിന് തുടക്കമിട്ടത്.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഷിദ ഉന്നയിച്ച സുവ്യക്തമായ ചോദ്യത്തോട് ഷിദയെ അപമാനിക്കും വിധം ''മോളെ''എന്ന് അഭിസംബോധന ചെയ്തു ഷിദയുടെ തോളിൽ കൈവച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ഇതിൽനിന്ന് ഒഴിഞ്ഞുമാറിയ ഷിദ അദ്ദേഹത്തിന്റെ കൈ എടുത്തുമാറ്റി. ആ പ്രതിരോധം അവഗണിച്ച് സുരേഷ് ഗോപി വീണ്ടും ഷിദയുടെ തോളിൽ കൈവച്ചു. തൊഴിലിടത്തിൽ നേരിടേണ്ടി വന്ന ഈ അപമാനത്തിൽ ഷിദ ജഗത് സ്വാഭാവികമായും പ്രതിഷേധിച്ചപ്പോൾ, അദ്ദേഹം നിരുപാധിക മാപ്പുപറച്ചിലോ ഖേദപ്രകടനമോ നടത്താൻ കൂട്ടാക്കിയില്ല.
നേരെ മറിച്ച്, ആ മാധ്യമപ്രവർത്തകയുടെ ആത്മവിശ്വാസം തന്നെ തകർക്കാനുള്ള ഉദ്ദേശത്തോടെ സംഭവത്തെ നിസ്സാരവത്കരിക്കും വിധമുള്ള പ്രതികരണവും, അണികളെ ഉപയോഗിച്ച് ഭീകരമായ സൈബർ ആക്രമണവും ''ഷിദക്ക് അതിൽ പ്രതിഷേധം ഉണ്ടെങ്കിൽ'' എന്ന ഉപാധിയോടെ ഒരു ക്ഷമാപണവുമാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
തുടർന്നുള്ള ദിവസങ്ങളിൽ ഈ പ്രതിഷേധത്തെ പരിഹസിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. കൊച്ചി കലൂരിൽ ട്രാൻസ് വ്യക്തികൾക്കൊപ്പം കേരളപ്പിറവി ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങവെ ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് 'നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ' എന്ന പരിഹാസ രൂപേണയുള്ള പ്രതികരണത്തോടെ ഷിദയുമായി ബന്ധപ്പെട്ട സംഭവത്തെ പുച്ഛിക്കുകയും അപഹസിക്കുകയും കൂടി ചെയ്തു അദ്ദേഹം.
ഇതിന്റെ തുടർച്ചയാണ് നവംബർ നാലാം തിയതി തൃശൂരിലെ ഗിരിജ തിയേറ്ററിന് മുൻപിൽ വച്ച് റിപ്പോർട്ടർ ചാനൽ പ്രതിനിധി സൂര്യ സുജിക്കു നേരെയുണ്ടായ അധിക്ഷേപം. തൃശൂർ അതിരൂപത സുരേഷ് ഗോപിക്കെതിരെ നടത്തിയ വിമർശനത്തിൽ പ്രതികരണം ആരായാനാണ് മാധ്യമപ്രവർത്തകർ സ്ഥലത്ത് എത്തിയത്. സൂര്യയ്ക്കു നേരെ നോക്കി നാടകീയമായി കൈകൂപ്പി പിടിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസത്തിന്റെ തുടക്കം.
തൊട്ടുപിന്നാലെ, മനോരമന്യൂസിലെ ഒരു പുരുഷറിപ്പോർട്ടറുടെ തോളിൽ കൈവച്ചുകൊണ്ട് 'ഇതിന് കുഴപ്പമൊന്നുമില്ലല്ലോ' എന്ന് സുരേഷ് ഗോപി സൂര്യയോട് ചോദിച്ചു.
സൂര്യ അദ്ദേഹത്തിനു നേരെ മൈക്ക് നീട്ടിയപ്പോൾ 'നിങ്ങൾ അടുത്തുവരുമ്പോൾ എനിക്കു പേടിയാകുന്നു' എന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ ഘട്ടത്തിലാണ് സൂര്യ സുജി പ്രതികരിച്ചത്. ഒരു സ്ത്രീയെന്ന നിലയിൽ ഷിദ അനുഭവിക്കേണ്ടി വന്ന വേദന തനിക്കു മനസിലാകുന്നുണ്ടെന്നും അതിനെ പരിഹസിക്കുന്നത് താങ്കളെ പോലൊരാൾക്ക് ചേർന്നതല്ലെന്നും സൂര്യ പ്രതികരിച്ചപ്പോൾ പതിവ് ശൈലിയിൽ സൂര്യക്കു നേരെയും സുരേഷ് ഗോപി ആക്രോശിക്കുകയാണുണ്ടായത്. തന്റെയടുത്ത് ആളാവാൻ വരരുതെന്നും താൻ ഇനി തുടരണമെങ്കിൽ സൂര്യ മാറി നില്ക്കണമെന്നും സുരേഷ് ഗോപി ആക്രോശിച്ചു.
ചുറ്റും കൂടി നിന്ന പുരുഷ മാധ്യമപ്രവർത്തകരാകട്ടെ മറിച്ചൊരക്ഷരം മിണ്ടാതെ 'യെസ് സർ' എന്ന് അദ്ദേഹത്തെ അനുസരിക്കുകയാണുണ്ടായത്. ഇതേ തുടർന്ന് ഷിദയ്ക്കു നേരെ നടന്ന സൈബർ ആക്രമണത്തിന്റെ ബാക്കിയെന്നോണം സുരേഷ് ഗോപിയുടെ അണികൾ സൂര്യയ്ക്കു നേരെയും ആക്രമണം അഴിച്ചുവിട്ടു. മുഖ്യധാര മാധ്യമങ്ങൾ ഉൾപ്പെടെ സുരേഷ് ഗോപിയുടെ നരേറ്റീവിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
തൊഴിലിടത്തിലെ ലിംഗവിവേചനത്തിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്, മുകളിൽ പറഞ്ഞിരിക്കുന്ന രണ്ടു സംഭവങ്ങളും. സുരേഷ് ഗോപി മുൻ രാജ്യസഭാംഗം കൂടിയാണ്. രണ്ടു സംഭവങ്ങളിലും ഭരണഘടനാ തത്വങ്ങളെ ലംഘിക്കും വിധമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.
ഷിദയുമായി ബന്ധപ്പെട്ട സംഭവത്തിൽ റിപ്പോർട്ടർ ചാനൽ പ്രതിനിധി പി ആർ പ്രവീണയ്ക്കു നേരെയുണ്ടായ സൈബർ ആക്രമണവും ഗൗരവമായി പരിഗണിക്കണം. ഷിദയെ പ്രവീണയാണെന്ന് തെറ്റിദ്ധരിച്ച്, പ്രവീണയുടെ ഫോട്ടോ അടക്കം ഉപയോഗിച്ചായിരുന്നു അധിക്ഷേപം. സ്ത്രീകളുൾപ്പെടെയുള്ളവർ നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ പ്രവീണക്കെതിരെ നടത്തിയ ബോഡി ഷേമിങ് അപലപനീയമാണ്. സൂര്യയെ പിന്തുണച്ചുകൊണ്ട് പ്രവീണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനടിയിലും ആക്രമണം തുടർന്നു.
ഇത് കേരളത്തിലെ വനിതാ മാധ്യമപ്രവർത്തകർ മാത്രം നേരിടുന്ന അതിക്രമമോ, ഇത്തരം അവസരങ്ങളിൽ കേരളത്തിലെ വനിതാ മാധ്യമപ്രവർത്തകർ മാത്രം നടത്തുന്ന പ്രതിഷേധമോ ആയി കണക്കാക്കരുത്. 2018ൽ ചെന്നൈയിൽ നടന്ന വാർത്താസമ്മേളനത്തിനിടെ തമിഴ്‌നാട് മുൻ ഗവർണർ ബനവാരിലാൽ പുരോഹിത് അനുവാദമില്ലാതെ ദി വീക്കിലെ മാധ്യമപ്രവർത്തകയുടെ കവിളിൽ സ്പർശിച്ചപ്പോഴും തമിഴ്‌നാട് മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകയോട് 'നിങ്ങളുടെ കണ്ണട നല്ല ഭംഗിയുണ്ട്, നിങ്ങൾ സുന്ദരിയാണ്' എന്നു പറഞ്ഞ് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയപ്പോഴും ഇത്തരം പ്രതികരണങ്ങൾ ഉണ്ടായിട്ടുണ്ട്.
സൂര്യനെല്ലികേസിലെ പ്രതി ധർമരാജന്റെ വെളിപ്പെടുത്തലിനുശേഷം രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ കോൺഗ്രസ്സിന്റെ പിന്തുണയുണ്ടോ എന്ന് ചോദിച്ച മാതൃഭൂമി ന്യൂസ് വനിത റിപ്പോർട്ടറോട് മുമ്പൊരിക്കൽ കേന്ദ്രമന്ത്രി വയലാർ രവി 'കുര്യനോട് എന്താണ് വ്യക്തിവിരോധം? മുൻകാല അനുഭവം വല്ലതുമുണ്ടോ?' എന്ന് ചോദിച്ചതും ഈ അവസരത്തില് ഓർക്കേണ്ടതുണ്ട്.
ഈ സന്ദർഭങ്ങളിലെല്ലാം, വനിതാ മാധ്യമപ്രവർത്തകർ, പ്രത്യേകിച്ച് NWMI ഇത്തരം പെരുമാറ്റങ്ങളോട് ശക്തമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട സംഭവത്തിൽ അദ്ദേഹവും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും 'പിതൃവാത്സല്യം' എന്ന ചാതുര്യമാണ് അദ്ദേഹത്തിന്റെ ചെയ്തികളെ ന്യായീകരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. തമിഴ്‌നാട് മുൻ ഗവർണറുമായി ബന്ധപ്പെട്ട കേസിൽ സ്വീകരിച്ച നിലപാട് 'നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ' ഒരിക്കൽകൂടി ആവർത്തിക്കുന്നു: അതിക്രമിയുടെ ഉദ്ദേശ്യം കണക്കിലെടുക്കലല്ല, ആക്രമിക്കപ്പെട്ട വ്യക്തിയ്ക്ക് അതുണ്ടാക്കിയ ആഘാതത്തെ മാത്രമേ കണക്കിലെടുക്കേണ്ടതുള്ളൂ.
അതിനാൽ, NWMI ഷിദ ജഗത്തിനും സൂര്യ സുജിക്കും തൊഴിലിടത്തിൽ ഇത്തരം അതിക്രമങ്ങൾ നേരിട്ട മറ്റു വനിതാ മാധ്യമപ്രവർത്തകർക്കുമൊപ്പം സുദൃഢമായി നിൽക്കുന്നു. കൂട്ടത്തിലൊരു സ്ത്രീ, തൊഴിലിടത്തിൽ അപമാനിതയായാൽ, കൂടെ നില്ക്കാനുള്ള ആർജ്ജവം കാണിക്കണമെന്ന് ഈ അവസരത്തിൽ പുരുഷമാധ്യമപ്രവർത്തകരെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
സൈബർ ആക്രമണം നടത്തുന്നത് ആരായാലും, അവരെ തിരിച്ചറിഞ്ഞ് ശിക്ഷാർഹമായ വകുപ്പുകളിൽ കേസെടുത്ത്, നിയമനടപടികൾ മുന്നോട്ട് നീക്കണം എന്ന് സംസ്ഥാന ആഭ്യന്തരവകുപ്പിനോട് നെറ്റ്‌വർക്ക് ഓഫ് വിമൻ ഇൻ മീഡിയ ഇന്ത്യ (NWMI) ആവശ്യപ്പെടുന്നു.
 

Latest News