ജിദ്ദ - ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളിൽ ട്രാഫിക് പോലീസ് നടത്തിയ പരിശോധനകളിൽ നിയമ ലംഘനങ്ങൾക്ക് 609 ബൈക്കുകൾ പിടികൂടി. ഒക്‌ടോബർ 29 മുതൽ നവംബർ നാലു വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും ബൈക്കുകൾ പിടികൂടിയത്. എല്ലാവരും നിയമങ്ങൾ പാലിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
അതിനിടെ, കഴിഞ്ഞയാഴ്ച സൗദിയിലെ റോഡുകളിലൂടെ 78 ലക്ഷത്തിലേറെ വാഹനങ്ങൾ സഞ്ചരിച്ചതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. ഏഴു ദിവസത്തിനിടെ ഏറ്റവുമധികം വാഹനങ്ങൾ സഞ്ചരിച്ചത് മക്ക പ്രവിശ്യയിയിലെ റോഡുകളിലൂടെ ആണ്. ഒരാഴ്ചക്കിടെ മക്ക പ്രവിശ്യയിലെ റോഡുകളിൽ 27 ലക്ഷത്തിലേറെ വാഹനങ്ങൾ സഞ്ചരിച്ചു. രണ്ടാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയിൽ 13 ലക്ഷത്തിലേറെയും മൂന്നാം സ്ഥാനത്തുള്ള കിഴക്കൻ പ്രവിശ്യയിൽ പത്തു ലക്ഷത്തിലേറെയും മദീനയിൽ ആറര ലക്ഷത്തിലേറെയും അൽഖസീമിൽ അഞ്ചര ലക്ഷത്തോളവും അസീറിൽ മൂന്നേകാൽ ലക്ഷത്തോളവും തബൂക്കിൽ രണ്ടേമുക്കാൽ ലക്ഷത്തോളവും ഹായിലിൽ രണ്ടര ലക്ഷത്തിലേറെയും ഉത്തര അതിർത്തി പ്രവിശ്യയിൽ ഒന്നേകാൽ ലക്ഷത്തോളവും ജിസാനിൽ ഒന്നേകാൽ ലക്ഷത്തിലേറെയും നജ്‌റാനിൽ ഒന്നര ലക്ഷത്തിലേറെയും അൽബാഹയിൽ ഒന്നേകാൽ ലക്ഷത്തോളവും അൽജൗഫിൽ ഒന്നേമുക്കാൽ ലക്ഷത്തിലേറെയും വാഹനങ്ങൾ ഒരാഴ്ചക്കിടെ റോഡുകളിലൂടെ സഞ്ചരിച്ചതായും റോഡ്‌സ് ജനറൽ അതോറിറ്റി പറഞ്ഞു.