കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ ഇങ്ങെടുക്കുവാ എന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ പറയുന്നത്. മലപ്പുറത്തെ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി അച്ചടക്ക നടപടി നേരിടുന്ന ആര്യാടൻ ഷൗക്കത്തിനെ പുറത്താക്കിയാൽ കോൺഗ്രസ് വള പൊട്ടുന്ന പോലെ പൊട്ടുമെന്നും ഷൗക്കത്തിനെ സംരക്ഷിക്കുമെന്നുമാണ് ബാലൻ പറയുന്നത്. സഖാവ് കുഞ്ഞാലി എം.എൽ.എയെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെന്ന് ആരോപിച്ച് സി.പി.എം കൊലവിളി മുഴക്കിയിരുന്ന ആളാണ് ആര്യാടൻ ഷൗക്കത്തിന്റെ പിതാവ് ആര്യാടൻ മുഹമ്മദ്. സി.പി.എം ആരോപണം അന്തരീഷത്തിൽ നിലനിൽക്കെയാണ് ആര്യാടനെ സി.പി.എം നിലമ്പൂരിൽ സ്ഥാനാർത്ഥിയാക്കുന്നത്. ഇതേ ആര്യാടന് വേണ്ടി സി.പി.എമ്മിന്റെ കൊലകൊമ്പൻമാരായ നേതാക്കൾ വരെ നിലമ്പൂരിൽ പ്രചാരണത്തിനുമെത്തി. ആര്യാടൻ അധികം വൈകാതെ കോൺഗ്രസിലുമെത്തി. പിന്നീട് എപ്പോഴൊക്കെ കുഞ്ഞാലി വധത്തെ പരാമർശിച്ച് സി.പി.എം രംഗത്തെത്തിയോ ആ സമയത്തെല്ലാം ആര്യാടനെ പിന്തുണച്ചതിന്റെ കണക്കും വന്നു. കുഞ്ഞാലി വധത്തിന്റെ പേരിലുള്ള സി.പി.എം പ്രചാരണങ്ങളെല്ലാം ആര്യാടൻ പിന്തുണയോടെ നിഷ്പ്രഭമായെന്ന് ചുരുക്കം.
ആര്യാടൻ ഷൗക്കത്തിനെ പൊന്നാനി ലോക്‌സഭ മണ്ഡലത്തിലേക്ക് പരിഗണിക്കാനാണ് സി.പി.എം ശ്രമിക്കുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. പൊന്നാനിയിൽ ഇക്കുറി മികച്ച മത്സരം കാഴ്ചവെച്ചാൽ ഫലം അനുകൂലമാകും എന്നൊരു കണക്കു കൂട്ടലുണ്ട് സി.പി.എമ്മിന്. യു.ഡി.എഫിലും പൊന്നാനിയിൽ അത്ര മെച്ചപ്പെട്ട സ്ഥിതിയല്ല എന്നാണ് വിലയിരുത്തൽ. നിലവിൽ പൊന്നാനിയെ പ്രതിനിധീകരിക്കുന്ന ഇ.ടി മുഹമ്മദ് ബഷീർ മലപ്പുറത്തേക്ക് മാറാൻ തീരുമാനിക്കുന്നതും ഇതേ കാരണത്താലാണ്. പൊന്നായിൽ ലീഗിന് വേണ്ടി മത്സരിക്കുന്നത് മിക്കവാറും അബ്ദുസമദ് സമദാനി തന്നെയായിരിക്കും ഈ സഹചര്യത്തിൽ പൊന്നാനിയിൽ മികച്ച സ്ഥാനാർത്ഥിയെ ലഭിച്ചാൽ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് സി.പി.എം കണക്കുകൂട്ടൽ. മലപ്പുറം ജില്ലയിൽ താനൂർ, നിലമ്പൂർ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത് മുൻ കോൺഗ്രസ് നേതാക്കളാണ്. തവനൂരിൽ മുൻ ലീഗ് നേതാവും. അതായത് മലപ്പുറത്ത് ഇടതുമുന്നണിക്ക് ലഭിച്ച നാലിൽ മൂന്നു സീറ്റുകളിലും മുൻ യു.ഡി.എഫ് നേതാക്കളാണ് പ്രതിനിധികൾ. പൊന്നാനി മാത്രമാണ് ഇതിന് അപവാദം. പൊന്നാനിയിലേക്ക് കോൺഗ്രസിൽനിന്നുള്ള നേതാവിനെ തന്നെ എത്തിച്ചാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന് സി.പി.എം കണക്കാക്കുന്നത് ഈ മുൻ അനുഭവങ്ങൾ വെച്ചാകണം. പൊന്നാനി ലോക്‌സഭ മണ്ഡലത്തിലെ പൊന്നാനി, തവനൂർ, താനൂർ മണ്ഡലങ്ങളിൽ സി.പി.എമ്മാണ് വിജയിച്ചത്. തിരൂർ, തിരൂരങ്ങാടി, എന്നിവടങ്ങളിലും മുന്നേറ്റമുണ്ടാക്കാമെന്ന് സി.പി.എം വിലയിരുത്തുന്നു.
ഷൗക്കത്ത് പൊന്നാനിയിൽ പരാജയപ്പെട്ടാലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ നിലമ്പൂരിലോ മറ്റേതെങ്കിലും മണ്ഡലങ്ങളിലോ സി.പി.എമ്മിന് വീണ്ടും പരീക്ഷിക്കുകയും ചെയ്യാം. ഈ ചർച്ച കൊണ്ടും സി.പി.എമ്മിന് ഗുണമുണ്ട്. അത് ആര്യാടൻ ഷൗക്കത്ത് സി.പി.എമ്മുമായി ചർച്ച നടത്തി എന്ന പ്രചാരണം നടന്നാൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് മത്സരിക്കുന്ന മണ്ഡലത്തിലും സി.പി.എമ്മിന് തന്നെയായിരിക്കും ഗുണം ലഭിക്കുക. ചുരുക്കത്തിൽ ആര്യാടൻ ഷൗക്കത്ത് വിവാദം സി.പി.എമ്മിന് പല നിലക്കും ഗുണം ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു. അതിനാൽ ആര്യാടൻ ഷൗക്കത്തിനെ ഇങ്ങെടുക്കുവാ എന്ന ബാലന്റെ പ്രസ്താവന ഏറെ പ്രാധാന്യമർഹിക്കുന്നതുമാണ്.