Sorry, you need to enable JavaScript to visit this website.

നിപ ചികിത്സാ വിജയം പഠിക്കാന്‍ കോഴിക്കോട്  ആസ്റ്റര്‍ മിംസില്‍ ജപ്പാന്‍ മെഡിക്കല്‍ സംഘം

കോഴിക്കോട്- നിപ പ്രതിരോധത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയുടെ മാതൃക പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. മിംസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ജപ്പാന്‍ സര്‍ക്കാരിന്റെ പ്രതിനിധി സംഘം ആസ്റ്റര്‍ മിംസില്‍ സന്ദര്‍ശനം നടത്തി. നിപ മൂര്‍ച്ഛിച്ച് വെന്റിലേറ്ററില്‍ കഴിയേണ്ടി വന്ന  രോഗിയെ ജീവിതത്തിലേക്ക് മടക്കികൊണ്ടു വരാന്‍ മിംസിന് കഴിഞ്ഞിരുന്നു. ഇത്തരത്തിലുള്ള ചികിത്സ മികവുകള്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ജപ്പാന്‍ സംഘത്തിന്റെ സന്ദര്‍ശനം.
ജപ്പാനിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് ആന്‍ഡ് മെഡിസിനിലെ (എന്‍.സി.ജി.എം) മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്. എന്‍.സി.ജി.എമ്മിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഔട്ട്‌ബ്രേക്ക് ഇന്റലിജന്‍സ്, കപ്പാസിറ്റി ബില്‍ഡിങ് ആന്‍ഡ്  ഡിപ്ലോയ്‌മെന്റ് കോഡിനേഷന്‍ സെന്റര്‍ (ജി.ഐ. സി) ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. യുകിമാസ മറ്റ്‌സുസാവയുടെ നേതൃത്വത്തിലായിരുന്നു ആറംഗ സംഘം എത്തിയത്. എന്‍.സി.ജി.എമ്മിലെ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഷിനിചിറോ മോറിയോക്ക, ഡോ. യുതാരോ അകിയാമ,  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലെ വെറ്ററിനറി സയന്‍സ് വിഭാഗം മുഖ്യ ഗവേഷകനായ ഡോ. യോഷിഹിരോ കാക്കു, സെന്റര്‍ ഫോര്‍ ഫീല്‍ഡ് എപ്പിഡെമിക് ഇന്റലിജന്‍സ് റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണല്‍ ഡെവലപ്മെന്റിലെ ഗവേഷകനായ ഡോ. ചിയാക്കി ഇകെന്യൂ എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവര്‍.
സംസ്ഥാനത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപയെ ലോകത്തിന് തന്നെ മാതൃകയാകുന്ന  പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രി വരുതിയിലാക്കിയത്. രോഗം മൂര്‍ച്ഛിച്ച് വെന്റിലേറ്ററില്‍ കഴിയേണ്ടി വന്ന  രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്  ലോകചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു. ഇതു സംബന്ധിച്ച് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ അടക്കം  വന്ന  വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട  ജപ്പാനിലെ ആരോഗ്യ വകുപ്പ് മേധാവികള്‍ ഇന്ത്യയിലെ ജപ്പാന്‍ എംബസി വഴി  വിവരങ്ങള്‍ ശേഖരിക്കുകയും നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്താന്‍ ആസ്റ്റര്‍ നോര്‍ത്ത് കേരള ക്ലസ്റ്റര്‍ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡയറക്ടര്‍ ഡോ. എ.എസ് അനൂപ് കുമാറിനെ സമീപിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെത്തിയ  എത്തിയ ജപ്പാന്‍ സംഘം ആശുപത്രിയില്‍ ലഭ്യമാക്കിയിരിക്കുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഐ സി യൂ സംവിധാനങ്ങള്‍ സന്ദര്‍ശിച്ചു, തുടര്‍ന്ന് നിപ രോഗബാധിതരുടെയും സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവരുടെയും പരിശോധന ഫലങ്ങളും ചികിത്സാരീതികളും പരിശോധിച്ചു. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ട മുന്നൊരുക്കങ്ങള്‍, പരിശോധനക്കായി  സാമ്പിളുകള്‍ എടുക്കുന്നതിന്റെയും അവ ലബോറട്ടറിയിലേക്ക് എത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം  പകരുന്നത് ഒഴിവാക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളും രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ ശുശ്രൂഷിക്കുന്നതിന്റെ രീതികള്‍ തുടങ്ങിയവയും എമര്‍ജന്‍സി റൂം, ഐസൊലേഷന്‍ റൂം എന്നിങ്ങനെ ആശുപത്രിയില്‍ സജ്ജീകരിക്കേണ്ട സൗകര്യങ്ങള്‍, രോഗമുക്തി നേടിയവരെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നും മിംസിലെ  ഡോക്ടര്‍മാരുമായി ആശയവിനിമയം നടത്തി.
ഭാവിയില്‍ ഇത് പോലെയുള്ള മാരകമായ രോഗങ്ങള്‍ ഉണ്ടായാല്‍ പരസപരം സഹകരിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി ജപ്പാനില്‍ പ്രതിനിധി സംഘം ചര്‍ച്ച ചെയ്തതായി ഡോ.  അനൂപ് കുമാര്‍ പറഞ്ഞു. ഹോസ്പിറ്റല്‍ സി എം എസ് ഡോ എബ്രഹാം മാമ്മന്‍, പീഡിയാട്രിക്‌സ് വിഭാഗം തലവന്‍ സുരേഷ് കുമാര്‍, പീഡിയാട്രിക് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ഡോ സതീഷ് കുമാര്‍, നെഫ്രോളജി വിഭാഗം തലവന്‍ സജിത്ത് നാരായണന്‍, പള്‍മനോളജി വിഭാഗം ക്ലസ്റ്റര്‍ ഡയറക്ടര്‍ ഡോ മധു കെ, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സിജിത്ത്, മോളിക്കുലാര്‍ ലാബ് മേധാവി ഡോ വിപിന്‍ വിശ്വനാഥ് എന്നിവരുമായി സംഘം ചര്‍ച്ചനടത്തി    മികച്ച രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്  മിംസിലെ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച പ്രതിനിധി സംഘം  ജപ്പാനിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍  കണ്ട് മനസ്സിലാക്കുന്നതിനായി ക്ഷണിക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News