തിരുവനന്തപുരം-ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാല്‍ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍. ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് വള പൊട്ടുന്നത് പോലെ പൊട്ടുമെന്നും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന നേതാവാണ് ആര്യാടന്‍ ഷൗക്കത്തെന്നും എ.കെ ബാലന്‍ പറഞ്ഞു. ഷൗക്കത്തിനെതിരെ നടപടിയെടുത്താല്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ബി.ജെ.പി നയത്തിന്റെ ഭാഗമാണെന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തരംതാണ കളിയാണ് കളിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പ്രതികരിച്ചു. ബാലന്‍ കേസ് വാദിക്കും തോറും കക്ഷിയുടെ ശിക്ഷ കൂടുന്ന അവസ്ഥയാണ്. സര്‍ക്കാറിനെക്കൊണ്ടു ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കേണ്ട പാര്‍ട്ടി ഇപ്പോള്‍ പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാന്‍ നടക്കുകയാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
ലീഗിന്റെ മനസ്സും ശരീരവും എവിടെയാണെന്ന് കേരളം കണ്ടുവെന്നും ലീഗ് ഐക്യദാര്‍ഢ്യ പരിപാടിയില്‍ സാങ്കേതികമായി ഇല്ലെന്ന നിലപാട് മാത്രമാണ് കുഞ്ഞാലിക്കുട്ടിക്കുള്ളതെന്നും എ.കെ. ബാലന്‍ അവകാശപ്പെട്ടു. കുഞ്ഞാലിക്കുട്ടിയെ പൂര്‍ണമായും പിന്തുണക്കുന്നു. ഷൗക്കത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടാക്കിയത് സി.പി.എം ആണോ? സുധാകരന്‍ ലീഗിനോട് മാപ്പ് പറയണമെന്നും എ.കെ ബാലന്‍ പറഞ്ഞു.