തൃശൂര്‍ - ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കലാപത്തിന് ശ്രമിച്ചെന്ന് പോലീസ് റിപ്പോര്‍ട്ട്. കൊടി സുനി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കും ഒരു തടവുകാരനും പരിക്കേറ്റിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിയ്യൂര്‍ പൊലീസ് കേസെടുത്തത്.
തിരുവനന്തപുരത്ത് നിന്നും വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയ കൊലപാതക കേസ് പ്രതി കാട്ടുണ്ണി രഞ്ജിത്താണ് വധഭീഷണി മുഴക്കി കലാപത്തിന് തുടക്കമിട്ടത്. ഉദ്യോഗസ്ഥരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വീഴ്ത്തി മര്‍ദ്ദിച്ചു. പിന്നാലെ കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം ഗാര്‍ഡ് റൂം അടിച്ച് തകര്‍ത്തു. കസേരകളും മേശയും ഫോണും വയര്‍ലെസ് ഉപകരണങ്ങളും ടെലഫോണ്‍ ബൂത്തും തകര്‍ത്തതായി എഫ് ഐ ആറില്‍ ഫറയുന്നു.
ഭക്ഷണത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്.
കമ്പിയും മറ്റുമായി എത്തിയ സംഘം ജയില്‍ ഓഫിസിലെ ഫര്‍ണിച്ചറുകളും മറ്റും തല്ലിത്തകര്‍ത്തു. തടയാനെത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണ് തടവുകാരെ കീഴ്പ്പെടുത്തി സംഘര്‍ഷത്തിന് അയവ് വരുത്തിയത്.ജയിലിനകത്ത് രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഭക്ഷണത്തെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് വന്‍ സംഘര്‍ഷത്തിലേക്ക് എത്തിയത്. തിരുവനന്തപുരം സ്വദേശിയും കൊലക്കേസിലെ പ്രതിയുമായ കാട്ടുണ്ണി രഞ്ജിത്തിന്റെ നേത്വത്തിലുള്ള സംഘമാണ് ഉച്ച ഭക്ഷണ സമയത്ത് കൊടി സുനിയുടെ സംഘവുമായി ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഭക്ഷണ സാധനങ്ങളും പാത്രങ്ങളും അടക്കമുള്ളവ പരസ്പരം എടുത്തറിഞ്ഞു. സംഭവം കണ്ട് ഓടിയെത്തിയ
ജയില്‍ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരം സംഘത്തെ രക്ഷിച്ച് കൊണ്ട് പോയി ഓഫീസിലെത്തിച്ചു. ഇവരെ ജയില്‍ അധികൃതര്‍ രക്ഷപ്പെടുത്തി കൊണ്ടുപോയതില്‍ പ്രകോപിതരായ കൊടി സുനിയും സംഘവും ജയില്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഗാര്‍ഡ് ഓഫിസില്‍ അതിക്രമിച്ചു കടന്ന് ആക്രമങ്ങള്‍ തുടരുകയായിരുന്നു.