Sorry, you need to enable JavaScript to visit this website.

മാര്‍ട്ടിന്‍ ബോംബ് എങ്ങനെ ഉണ്ടാക്കി? പത്ത്  ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ്

കൊച്ചി-കളമശ്ശേരി ബോംബ് സ്‌ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. പ്രതിയെ 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം. സ്‌ഫോടനം നടത്തിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുക്കുക, ബോംബ് നിര്‍മ്മാണത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തത വരുത്തുക എന്നിവ പ്രധാനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മാര്‍ട്ടിന്റെ വിദേശബന്ധത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകളും പോലീസ് അരിച്ചുപെറുക്കി അന്വേഷിക്കുന്നുണ്ട്. മാര്‍ട്ടിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. 
തെളിവെടുപ്പില്‍ മാര്‍ട്ടിനെ മൂന്നുപേര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ താന്‍ മാത്രമാണ് ഉത്തരവാദിയെന്നാണ് മാര്‍ട്ടിന്‍ ആവര്‍ത്തിച്ചു പറയുന്നത്. പോലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ബോംബ് സ്ഫോടനം ആസൂത്രണം മുതല്‍ സ്ഫോടനം വരെയുള്ള സംഭവങ്ങളില്‍ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഒരു ദിവസമാണ് ഇയാളുമായി തെളിവെടുപ്പ് നടത്തിയത്. അത്താണിയിലെ തന്റെ ഫ്ളാറ്റില്‍ വെച്ച് എങ്ങനെയാണ് ബോംബ് ഉണ്ടാക്കിയതെന്ന് മാര്‍ട്ടിന്‍ കാണിച്ചുകൊടുത്തിരുന്നു. സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലും തമ്മനത്തെ വാടകവീട്ടിലും പെട്രോള്‍ വാങ്ങിയ പമ്പുകളിലും റിമോട്ട്, ബാറ്ററി തുടങ്ങിയവ വാങ്ങിയ ഇടങ്ങളിലുമെല്ലാം ഇനി തെളിവെടുക്കേണ്ടതുണ്ട്.

Latest News