Sorry, you need to enable JavaScript to visit this website.

സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ്; എ.സി.സി എക്കു മിന്നും ജയം

ജിദ്ദ- സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് 2023 എ ഡിവിഷന്റെ ആവേശകരമായ മത്സരത്തിൽ പവർ ഹൗസ് മഹ്ജർ എഫ്.സിയെ മടക്കമില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ച എൻകംഫർട്ട്  എ.സി.സി എ സെമി പ്രവേശന സാധ്യത നിലനിർത്തി. ആദ്യ പകുതിയിൽ മഹജ്ർ എഫ്.സിക്ക് പന്ത് കൈവശം വെക്കുന്നതിലും, ഷോട്‌സ് ഓൺ ടാർഗെറ്റിലുമടക്കം വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നുവെങ്കിലും ഗോളടിക്കാൻ മാത്രം മറന്നു. 
എന്നാൽ മറുവശത്ത് എതിരാളികളുടെ തേരോട്ടത്തിനിടക്ക് കിട്ടിയ ഒരവസരം, മഹ്ജർ ഡിഫൻസിന്റെ അശ്രദ്ധയിൽ എ.സി.സിയുടെ ആസിഫ് ചെറുകുന്നന്റെ സ്‌കോറിംഗ് മികവിലൂടെ കളിയുടെ ഗതിക്കെതിരെ ഗോൾ പിറന്നു. എ.സി.സി-1  മഹജ്ർ എഫ്.സി-0. സമനില ഗോളിന് വേണ്ടി മാഹജ്ർ എഫ്.സി കിണഞ്ഞു പരിശ്രമിച്ചെങ്കിലും, എ.സി.സിയുടെ ഡിഫൻസിലേക്ക് പുതിയതായി വന്ന സമീഹും, നായകൻ സനൂപും, മുഹമ്മദ് ഡാനിഷും, മുഹമ്മദും ഷമീറും എ.സി.സിയുടെ കോട്ട അചഞ്ചലമായി കാത്തപ്പോൾ ഗോൾ കീപ്പർ സലാമിനെ  കാര്യമായി പരീക്ഷിക്കാൻ പോലും മഹ്ജറിനു സാധിച്ചില്ല.
രണ്ടാം പകുതിയിൽ ലീഡുയർത്താനും ജയമുറപ്പിക്കാനുമുറച്ചു തിരിച്ചിറങ്ങിയ എ.സി.സി ശക്തമായി കളിയിലേക്ക് തിരിച്ചു വന്നതോടെ ഇഞ്ചോടിഞ്ചു പോരാട്ടമായി. മികച്ച ഫോമിലുള്ള എ.സി.സി സ്‌ട്രൈക്കർ ഷഹദിനെ പിടിച്ചുകെട്ടാൻ മഹ്ജർ നന്നേ ബുദ്ധിമുട്ടുന്നിതിനിടയിൽ രണ്ടാം പകുതിയുടെ പതിനെട്ടാം മിനുട്ടിൽ മഹ്ജർ ആരാധകരെ ഞെട്ടിച്ചു കൊണ്ട് എ.സി.സിയുടെ മുഹമ്മദ് റാഷിക് വീണ്ടും നിറയൊഴിച്ചതോടെ എ.സി.സി രണ്ട് ഗോളിന് മുന്നിലെത്തി. 
കളിയുടെ അവസാന പതിനഞ്ചു മിനുട്ട് സർവ ശക്തിയുമുപയോഗിച്ച് ആക്രമണമഴിച്ചു വിട്ട മഹ്ജർ എഫ്.സി മൂന്ന് തവണ ഗോൾ നേടിയെന്നുറപ്പിച്ചതായിരുന്നു. എ.സി.സി ഗോൾ കീപ്പർ സലാമിനെയും കീഴടക്കിയ പന്ത് പോസ്റ്റിലേക്ക് നീങ്ങിയതോടെ മഹ്ജർ ആരാധകർ ഗോളെന്ന് ആരവമുയർത്തി ചാടിയെഴുന്നേറ്റെങ്കിലും രണ്ടു തവണ ഗോൾ പോസ്റ്റിലും  മൂന്നാം തവണ ഗോൾ ബാറിലും തട്ടി പന്ത് മടങ്ങിയതോടെ അനിവാര്യ ജയവും മൂന്ന് പോയന്റുമായി എ.സി.സി മടങ്ങി.
എ.സി.സി എയുടെ മുഹമ്മദ് ആസിഫ് ചെറുകുന്നൻ മികച്ച കളിക്കാരനായി. നാസർ വെളിയങ്കോട് ട്രോഫി സമ്മാനിച്ചു. ജൂനിയർ ഡിവിഷനിൽ സോക്കർ ഫ്രീക്‌സ് ജൂനിയർ ജെ.എസ്.സി അക്കാദമി 1-1 ന് മത്സരം സമനിലയിൽ പിരിഞ്ഞു. ജെ.എസ്.സിക്ക് വേണ്ടി റിസ് വാൻ സ്‌കോർ ചെയ്തപ്പോൾ സോക്കർ ഫ്രീക്‌സിനു വേണ്ടി യദു നന്ദൻ സമനില ഗോൾ നേടി. സോക്കർ ഫ്രീക്‌സ് ഗോൾ കീപ്പർ റൈഹാൻ വീരാൻ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു. സിഫ് വൈസ് പ്രസിഡന്റ് സലീം മമ്പാട് ട്രോഫി സമ്മാനിച്ചു. 
ബി ഡിവിഷൻ മത്സരത്തിൽ കെ.എൽ 10 റെസ്‌റ്റോറന്റ് ബി.എഫ്.സി ബ്ലൂസ്റ്റാർ സീനിയേഴ്‌സ് ഒന്നിനെതിരെ ആറു ഗോളുകൾക്ക് മക്ക ബി.സി.സിയെ പരാജയപ്പെടുത്തി. സൽമാൻ ഹാട്രിക് നേടിയ മത്സരത്തിൽ ജാവേദ് അമീൻ രണ്ടു ഗോളുകളും ഷഫീഖ് ഒരു ഗോളും നേടി പട്ടിക തികച്ചപ്പോൾ മക്ക ബി.സി.സിയുടെ ആശ്വാസ ഗോൾ മുഹമ്മദ് ഷക്കീബിന്റെ ബൂട്ടിൽ നിന്നായിരുന്നു. മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട  ബി.എഫ്.സി ബ്ലൂസ്റ്റാറിന്റെ അജുവാദ് അമീനുള്ള ട്രോഫി അബ്ദുൽ അസീസ് മഞ്ചേരി സമ്മാനിച്ചു.

Tags

Latest News