പത്തനംതിട്ട- ഭാര്യ തൂങ്ങി മരിച്ചതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ഭർത്താവ് ആറ്റിൽ ചാടി. ഉള്ളന്നൂർ കാരയ്ക്കാട് വടക്കേക്കരപ്പടി ശ്രീനിലയത്തിൽ പുത്തൻ വീട്ടിൽ അരുൺ ബാബുവാണ് ഞായറാഴ്ച രാവിലെ ഏഴുമണിയോടെ വെട്ടിയാർ പാലത്തിൽ നിന്നും അച്ചൻകോവിലാറ്റിലേക്ക് ചാടിയത്. ഇയാളുടെ ഭാര്യ പാലക്കാടു സ്വദേശി ലിജി (25)യെ ശനിയാഴ്ച വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അരുൺബാബുവും അയൽവാസികളും ചേർന്ന് ഇവരെ പന്തളം സി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇതിന് തൊട്ടുപിന്നാലെ അരുൺ ബാബു മൊബൈൽ ഫോൺ കൂടെ വന്നവരെ ഏൽപ്പിച്ച് കാറിൽ കയറി എങ്ങോട്ടോ പോയി. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ വെട്ടിയാർ പാലത്തിന് സമീപം കാർ കണ്ടെത്തി. കാറിനുള്ളിൽ രക്തക്കറയും മറ്റും കണ്ടതിനെ തുടർന്ന് ഇയാൾ കൈ ഞരമ്പ് മുറിച്ച ശേഷം അച്ചൻ കോവിലാറ്റിൽ ചാടിയിരിക്കാമെന്ന് നിഗമനത്തിൽ പോലീസും ഫയർ ഫോഴ്സും തെരച്ചിൽ നടത്തി. കനത്ത മഴ പെയ്തിരുന്നതിനാൽ ആറ്റിൽ നല്ല ഒഴുക്കാണ്. ഞായറാഴ്ച വൈകിട്ടോടെ തെരച്ചിൽ അവസാനിപ്പിച്ചു.അരുൺ ബാബുവും ലിജിയും മാട്രിമോണിയൽ സൈറ്റ് മുഖേനെ പരിചയപ്പെട്ടവരാണ്. തുടർന്ന് പ്രണയിച്ച് ഒന്നിച്ച് താമസം തുടങ്ങി. പിന്നീട് ഇരുവരുടെയും രക്ഷിതാക്കൾ ഇടപെട്ട് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഇവർക്ക് ഒരു വയസുള്ളള കുട്ടിയുമുണ്ട്. ശനിയാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ ലിജിയെ കണ്ടതും ആശുപത്രിയിൽ എത്തിച്ചതും. ആത്മഹത്യ നടന്ന വാടക വീട് ഇലവുംതിട്ട പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ്. പോസ്റ്റുമോർട്ടത്തിൽ തൂങ്ങി മരണമെന്ന് തെളിഞ്ഞതായി എസ്എച്ച് ഒ ടി.കെ. വിനോദ്കൃഷ്ണൻ പറഞ്ഞു. അസ്വാഭാവിക മരണത്തിന് ഇവിടെ കേസെടുത്തിട്ടുണ്ട്.അരുണിനെ കാണാതായത് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ്. അരുണിന്റെ കാർ ഫോറൻസിക് പരിശോധനയ്ക്കായി പന്തളം സ്റ്റേഷനിലേക്ക് മാറ്റി.