കോഴിക്കോട്- കരിപ്പൂർ വിമാനതാവളത്തിൽനിന്ന് വലിയ വിമാനങ്ങളുപയോഗിച്ച് സർവീസ് നടത്തുന്നതിന് സൗദി എയർലൈൻസിന് ഡി.ജി.സി.എ അനുമതി നൽകി. സർവീസ് നടത്താൻ അനുമതി തേടി സൗദി എയൽലൈൻസ് നൽകിയ അപേക്ഷയിലാണ് ഡി.ജി.സി.എയുടെ തീരുമാനം. റൺവേ നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന റൺവേയിൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചിരുന്നു. റൺവേ ജോലികൾ പൂർത്തിയാക്കിയതിന് ശേഷം നൽകിയ അപേക്ഷയിലാണ് അനുമതി നൽകിയത്. സർവീസ് അനുവദിക്കാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഡി.ജി.സി.എ അനുമതി നൽകിയത്. മനോരമ ഓണ്‍ലൈനാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
സൗദി എയൽലൈൻസിന് പുറമെ, എയർ ഇന്ത്യയും കരിപ്പൂരിൽനിന്ന് വലിയ വിമാനങ്ങളുടെ സർവീസ് നടത്താമെന്ന് കഴിഞ്ഞദിവസം ഡി.ജി.സി.എയെ അറിയിച്ചിരുന്നു. അടുത്ത ദിവസം തന്നെ എയർ ഇന്ത്യക്കും അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി എയർലൈൻസ് ഈ മാസം തന്നെ സർവീസ് ആരംഭിക്കുമെന്നാണ് കരുതുന്നത്. കരിപ്പൂർ-ജിദ്ദ, കരിപ്പൂർ-റിയാദ് സർവീസുകളായിരിക്കും സൗദിയ നടത്തുക.