Sorry, you need to enable JavaScript to visit this website.

തെളിവെവിടെ; നിജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡയോട് ചോദ്യമുന്നയിച്ച് ഇന്ത്യ

ഒട്ടാവ- ഖലിസ്ഥാന്‍ നേതാവ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ പങ്കിന്റെ തെളിവ് കാനഡയോട് വീണ്ടും ആവശ്യപ്പെട്ട് ഇന്ത്യ. ആരോപണങ്ങള്‍ക്ക് കാരണമായ തെളിവുകള്‍ ഇതുവരെ ഇന്ത്യക്കു ലഭിച്ചിട്ടില്ലെന്നും കാനഡ നടത്തിയ അന്വേഷണം കുറ്റമറ്റതല്ലെന്ന് ഇന്ത്യയ്‌ക്കെതിരെ നടത്തിയ ആരോപണങ്ങളില്‍ നിന്ന് വ്യക്തമാണെന്നും കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ പറഞ്ഞു.

നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ നടത്തുന്ന ആരോപണത്തിനെ പിന്താങ്ങുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തെളിവുകള്‍ എവിടെയെന്നും അന്വേഷണത്തിന് ഒടുവില്‍ എന്താണ് കണ്ടെത്തിയതെന്നും സഞ്ജയ് കുമാര്‍ വര്‍മ ചോദിച്ചു. ഈ സാഹചര്യത്തില്‍ അന്വേഷണം ശരിയായി നടന്നിട്ടില്ലെന്നാണ് തനിക്കു പറയാനുള്ളതെന്നും വര്‍മ പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മാര്‍ഗനിര്‍ദേശം ലഭിച്ചതായാണ് മനസിലാക്കാന്‍ കഴിയുന്നതെന്നും ആരുടെയും പേര് എടുത്തു പറയാതെ വര്‍മ ആരോപിച്ചു.

നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടായിരുന്നു.

Latest News