കൊച്ചി- മൂന്ന് പേരെ ബോംബ് സ്‌ഫോടനത്തിലൂടെ കൊലപ്പെടുത്തിയ കളമശേരി കേസിൽ പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. തിരിച്ചറിയൽ പരേഡ് പൂർത്തിയായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് അന്വേഷണ സംഘം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചത്. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കേസിൽ ഡൊമിനിക് മാർട്ടിനെ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. ഡൊമിനിക് മാർട്ടിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതും. യഹോവയുടെ സാക്ഷികളിൽ നിന്ന് അടുത്തിടെ തെറ്റിപ്പിരിഞ്ഞവർക്കും സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപണമുയരുന്നുണ്ടെങ്കിലും അന്വേഷണ സംഘം ഇക്കാര്യത്തിൽ വ്യക്തത നടത്തിയിട്ടില്ല. ബോംബ് നിർമാണത്തിൽ ഉൾപ്പെടെ ഡൊമിനികിന് മറ്റൊരാളുടെ സഹായമുണ്ടായോ എന്നാണ് അന്വേഷിക്കുന്നത്. കൂട്ടായ്മയിൽനിന്ന് അടുത്തിടെ വിട്ടപോയവരുമായി ഡൊമിനിക് മാർട്ടിൻ ബന്ധപ്പെട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് തേടുന്നത്. യാഹോവയുടെ സാക്ഷികളുടെ വിശ്വാസസമൂഹത്തോടുള്ള വിരോധം മൂലമാണ് ബോംബ് സ്ഫോടനം നടത്തിയതെന്ന് ഡൊമിനിക്ക് മാർട്ടിൻ കൃത്യത്തിന് ശേഷം ഫേ്സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരുന്നു. സ്ഫോടനത്തിന്റെ തലേദിവസം രാത്രി മാർട്ടിന് രാത്രി ദുരൂഹമായ ഒരു ഫോൺ കോൾ വന്നെന്ന ഭാര്യയുടെ മൊഴി കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ചെറുസംഘങ്ങളായി തിരിഞ്ഞാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. കേസിൽ തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയാക്കാനുണ്ട്. ഐ.ഇ.ഡിക്കായി ഗുണ്ടുകൾ വാങ്ങിയ കടയിലും റിമോട്ട് കൺട്രോളറുകളും ഇലക്ട്രിക് സാമഗ്രികളും വാങ്ങിയ സ്ഥാപനങ്ങളിലും പ്രതിയെ എത്തിക്കേണ്ടതുണ്ട്. കസ്റ്റഡിയിലെ ആദ്യദിവസങ്ങളിൽ ഇത്തരം നടപടികളാകും പൂർത്തിയാകുക. ശേഷം ചോദ്യം ചെയ്യലുകളും മൊഴിയെടുപ്പുകളും നടത്തും. ഇയാൾ ബോംബ് നിർമിച്ച നെടുമ്പാശേരിയിലെ ഫഌറ്റിൽനിന്ന് പോലീസ് പ്രാഥമിക തെളിവുകൾ ശേഖരിച്ചിരുന്നു. തിരിച്ചറിയൽ പരേഡും കഴിഞ്ഞ ദിവസത്തോടെ പൂർത്തിയായി. പത്തിലധികം പേർക്ക് നോട്ടീസ് നൽകിയെങ്കിലും മൂന്ന് പേർ മാത്രമാണ് ഹാജരായത്. ഇവർ പ്രതി ഡൊമിനിക് മാർട്ടിനെ തിരിച്ചറിയുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേരളത്തെ നടുക്കി കൊച്ചി കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവയുടെ സാക്ഷികളുടെ പ്രാർഥന സംഗമത്തിനിടെ തുടർ സ്ഫോടനങ്ങളുണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 20 രോഗികളാണ് ആകെ ചികിത്സയിലുള്ളത്. ഇതിൽ പത്ത് പേർ ഐ.സി.യുവിലാണ്. എട്ടുപേർ വാർഡുകളിലും ചികിത്സയിലുണ്ടെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി.