Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ മന്ത്രിയുടെ പ്രസ്താവന ഭീകരവാദവും കാടത്തവും; ശക്തമായ പ്രതിഷേധവുമായി സൗദി

റിയാദ്- ഗാസയിൽ ആണവായുധം പ്രയോഗിക്കുമെന്ന ഇസ്രായിൽ മന്ത്രിയുടെ പ്രസ്താവനയിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇസ്രായിൽ സർക്കാരിൽ ആഴത്തിൽ വേരൂന്നിയ ഭീകരവാദവും കാടത്തവും വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. ഇത്തരം പ്രസ്താവന നടത്തിയ മന്ത്രിയെ സർക്കാറിൽനിന്ന് ഉടനടി പുറത്താക്കുന്നതിന് പകരം അംഗത്വം മരവിപ്പിക്കുക മാത്രം ചെയ്തത് മാനുഷികവും സാംസ്‌കാരികവും മതപരവുമായ രാജ്യാന്തര നിയമങ്ങളെ ഇസ്രായിൽ ലംഘിക്കുന്നുവെന്നതിന്റെ തെളിവാണ്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തുകയാണ് ഇസ്രായിൽ ചെയ്യുന്നതെന്നും സൗദി അറേബ്യ അഭിപ്രായപ്പെട്ടു. മന്ത്രിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. 
ഗാസ മുനമ്പിൽ ആണവായുധം വർഷിക്കുന്നത്  ഇസ്രായിലിന് മുന്നിലുള്ള ഒരു മാർഗമാണെന്ന് ഇസ്രായിൽ മന്ത്രി ഇന്ന്(ഞായർ) ഒരു റേഡിയോ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇസ്രായിലിന്റെ ജറുസലം കാര്യ, പൈതൃക മന്ത്രി അമിചായി എലിയഹുവാണ് മുന്നറിയിപ്പ് നൽകിയത്. ഇസ്രായിലിന്റെ ശക്തമായ ആക്രമണത്തിലും ഹമാസ് പിടിച്ചുനിൽക്കുന്നതാണ് ഇസ്രായിൽ മന്ത്രിയെ പ്രകോപിപ്പിച്ചത്. ഗാസയിലുള്ളവർ മുഴുവൻ പോരാളികളാണെന്നും അല്ലാത്തവർ ഗാസയിൽ ഇല്ലെന്നുമാണ് തീവ്ര വലതുപക്ഷ മന്ത്രിയായ എലിയഹു പറഞ്ഞത്. ഗാസക്ക് മാനുഷിക സഹായം നൽകരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. പോരാളികൾ അല്ലാത്തവർ ഗാസയിൽ ഇല്ലാത്തതിനാൽ ആണവആക്രമണം നടത്തുമോ എന്ന ചോദ്യത്തിനാണ് അതും പരിഗണിക്കുമെന്ന്് ഇയാൾ മറുപടി നൽികയത്. അതേസമയം, മന്ത്രിയെ സർക്കാർ യോഗങ്ങളിൽനിന്ന് മാറ്റിയതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എലിയാഹുവിനെ സർക്കാർ യോഗങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായാണ് അറിയിപ്പ്. 

മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് ആവശ്യപ്പെട്ടു. 'ഗവൺമെന്റിലെ റാഡിക്കലുകളുടെ സാന്നിധ്യം ഞങ്ങളെയും യുദ്ധത്തിന്റെ ലക്ഷ്യങ്ങളെയും അപകടത്തിലാക്കുന്നു.  ഹമാസിനെ പരാജയപ്പെടുത്തുകയും എല്ലാ ബന്ദികളെയും തിരികെ എത്തിക്കുകയും ചെയ്യുക എന്നാണ് ദൗത്യമെന്നും ലാപിഡ് പറഞ്ഞു. 


 

Latest News