കൊൽക്കത്ത- ഈഡൻ ഗാർഡനിൽ ചരിത്രം കുറിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കക്ക് എതിരായ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് മികച്ച സ്‌കോറും കോലിക്ക് സച്ചിനൊപ്പം എത്തിയ റെക്കോർഡും. ഈഡൻ ഗാർഡനിലെ നനുത്ത പിച്ചിൽ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് ഇന്ത്യ എടുത്തു. വിരാട് കോലിയുടെയും ശ്രേയസ് അയ്യറിന്റെയും ഇന്നിംഗ്‌സ് ആണ് ഇന്ത്യക്ക് കരുത്തായത്. ഏകദിന ക്രിക്കറ്റിൽ 49 സെഞ്ചുറി നേടി കോലി ചരിത്രം കുറിച്ചു. മികച്ച തുടക്കം ലഭിച്ച ഇന്ത്യ അധികം വൈകാതെ പിറകിലേക്ക് പോയി. ആദ്യ പത്ത് ഓവറിൽ ഇന്ത്യ 90 റൺസ് എടുത്തിരുന്നു. 23 റൺസ് എടുത്ത ഗിൽ പുറത്തായതോടെ ഇന്ത്യ സമ്മർദ്ദത്തിൽ ആയി. മഹാരാജിന്റെ മികച്ച സ്പിൻ ഇന്ത്യൻ സ്‌കോറിംഗിന്റെ വേഗത കുറച്ചു. ശ്രേയസും കോഹ്ലിയും പതുക്കെ കളിച്ച് ഇന്നിംഗ്‌സ് കെട്ടിപടുത്തു.
ശ്രേയസ് 87 പന്തിൽ നിന്ന് 77 റൺസ് എടുത്തു. രണ്ടു സിക്‌സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്‌സ്. കെ എൽ രാഹുൽ 8 റൺസ് എടുത്തും പിറകെ പുറത്തായി. സൂര്യകുമാർ യാദവ് 13 പന്തിൽ നിന്ന് 22 റൺസ് എടുത്ത് പുറത്തായി. കോലി 121 പന്തിൽ നിന്ന് 101 റൺസ് എടുത്തു. 10 ഫോർ അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്. ജഡേജ 15 പന്തിൽ നിന്ന് 29 റൺസ് എടുത്തു.