വിജയ് മല്യയുടെ സാമ്രാജ്യത്തില്‍ ഒന്നിന് കൂടി ദുരന്ത പര്യവസാനമായി. തന്റെ പ്രിയപ്പെട്ട ഫോര്‍മുല വണ്‍ കാറോട്ട ടീം ഫോഴ്‌സ് ഇന്ത്യ മറ്റൊരു കൂട്ടം നിക്ഷേപകര്‍ക്ക് വിട്ടുകൊടുക്കാന്‍ മല്യ നിര്‍ബന്ധിതനായി. 10 വര്‍ഷത്തെ മല്യയുടെ വാഴ്ചക്കാണ് തിരശ്ശീല വീണത്.
ടീം സാമ്പത്തിക പരാധീനതകളിലേക്ക് പോയതോടെ കഴിഞ്ഞ മാസം ഡ്രൈവര്‍മാരിലൊരാളായ മെക്‌സിക്കോയുടെ സെര്‍ജിയൊ പെരസ് നിയമ നടപടി സ്വീകരിക്കുകയും അധികൃതര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയുമായിരുന്നു. നാനൂറിലേറെ പേര്‍ക്ക് ജോലി നഷ്ടപ്പെടുന്നത് തടയാനാണ് താന്‍ നിയമ നടപടിക്കൊരുങ്ങിയതെന്ന് പെരസ് വ്യക്തമാക്കിയിരുന്നു.
405 ജീവനക്കാരുടെയും ജോലി സുരക്ഷിതമായിരിക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ജെഫ് റൗളി വ്യക്തമാക്കി. കനേഡിയന്‍ കോടീശ്വരന്‍ ലോറന്‍സ് സ്‌ട്രോളാണ് ടീമിനെ ഏറ്റെടുത്തിരിക്കുന്നത്. മല്യക്കും സഹാറ ഗ്രൂപ്പിനും 42.5 ശതമാനം വീതം ഓഹരിയാണ് ഫോഴ്‌സ് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. ബാക്കി മോള്‍ കുടുംബത്തിന്റേതായിരുന്നു. 2008 ല്‍ തുടങ്ങിയ ടീം കഴിഞ്ഞ രണ്ട് ഫോര്‍മുല വണ്‍ സീസണുകളില്‍ നാലാം സ്ഥാനത്തായിരുന്നു.