അമ്മാൻ- ഗാസയിലെ ജനങ്ങളെ ബലമായി കുടിയൊഴിപ്പിക്കുന്ന ഇസ്രായിൽ നടപടി അംഗീകരിക്കാനാകില്ലെന്നും സിവിലിയൻമാർക്കെതിരെ നടക്കുന്ന ആക്രമണം ഇസ്രായിൽ അവസാനിപ്പിക്കണമെന്നും അമേരിക്കൻ വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കണുമായി നടത്തിയ ചർച്ചയിൽ സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ജോർദാനിൽ അറബ് അമേരിക്കൻ യോഗത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഗാസയിലും പരിസപ്രദേശങ്ങളിലുമുള്ള സൈനിക നടപടി അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികളും മാനുഷിക പ്രതിസന്ധി രൂക്ഷമാകുന്നത് തടയുന്നതിനുള്ള മാനുഷിക, ദുരിതാശ്വാസ, വൈദ്യ സഹായം ഉറപ്പുവരുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. ഗാസയിലെ ജനങ്ങളെ ബലമായി കുടിയൊഴിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ ഇസ്രായിൽ നിർത്തണം. മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ജോർദാനിലെ സൗദി അംബാസഡർ നായിഫ് അൽ സുദൈരി, വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. സൗദ് അൽസാത്തി, വിദേശകാര്യ മന്ത്രിയുടെ ഓഫീസ് മാനേജർ അബ്ദുറഹ്മാൻ അൽ ദാവൂദ്, പോളിസി പ്ലാനിംഗ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. അബ്ദുല്ല ബിൻ ഖാലിദ് ബിൻ സൗദ് അൽകബീർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
സൗദി, ഈജിപ്ത്, ജോർദാൻ, യുഎഇ, ഖത്തർ, ഫലസ്തീൻ വിദേശകാര്യമന്ത്രിമാരാണ് അമ്മാനിൽ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തിയത്.