കൊച്ചി - എറണാകുളം മുനമ്പത്ത് ബോട്ട് മറ്റൊരു ബോട്ടിൽ വന്നിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി(60)യാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
അപകടത്തിൽ സിൽവർ സ്റ്റാർ എന്ന ബോട്ട് രണ്ടായി മുറിഞ്ഞ് മുങ്ങിപ്പോകുകയി. മുനമ്പം തീരത്തുനിന്നും ഏകദേശം 28 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടായത്. സിൽവർ സ്റ്റാർ എന്ന ബോട്ടിലെ തൊഴിലാളികൾ വിശ്രമിക്കുന്നതിനിടെ നൗറിൻ മോൾ എന്ന ബോട്ട് പിറകിൽ വന്നിടിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഇടിയെത്തുടർന്ന് സിൽവർ സ്റ്റാർ ബോട്ട് രണ്ടായി പിളർന്ന് വെള്ളത്തിൽ മുങ്ങുകയായിരുന്നു.
ബോട്ടിൽ എട്ടു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഒഴികെയുള്ളവരെയെല്ലാം രക്ഷപ്പെടുത്തി. മരിച്ച ജോസ് ആന്റണിയുടെ മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.