തിരുവനന്തപുരം-നവകേരളസദസ്സിന് മുന്‍പ് മന്ത്രിസഭാ പുനസംഘടന നടത്താന്‍ എല്‍ഡിഎഫില്‍ ആലോചന. നവംബര്‍ പത്തിന് ഇടത് മുന്നണി യോഗം വിളിച്ചു. മന്ത്രിമാറ്റം ഉടന്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ബി മുന്നണി നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. എല്‍ഡിഎഫ് ധാരണ അനുസരിച്ച് ഒറ്റ എംഎല്‍എയുള്ള നാല് പാര്‍ട്ടികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടണം. ഇതനുസരിച്ച് കാലവധി തികയുന്നത് നവംബര്‍ 20 നാണ്.നവംബര്‍ പതിനെട്ടിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങള്‍ തോറും പര്യടനത്തിനിറങ്ങും. ഇടതടവില്ലാതെ ഡിസംബര്‍ 24 വരെ നീളുന്ന തരത്തിലാണ് ജനസദസ്സിന്റെ ഷെഡ്യൂള്‍. പുനസംഘടന നടന്നാല്‍ ഗതാഗത മന്ത്രി ആന്റണി രാജുവിനും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പകരക്കാരാകും പര്യടന സംഘത്തിലുണ്ടാകുക. ഇതൊഴിവാക്കി പുനസംഘടന ജനസദസ് സമാപിച്ച ശേഷം നടക്കാനായിരുന്നു ഇതുവരെയുള്ള ധാരണ.
അതിനിടെയാണ് മന്ത്രിമാറ്റം അതിന് മുന്‍പ് വേണമെന്ന ആവശ്യം കേരളാ കോണ്‍ഗ്രസ് ബി മുന്നോട്ട് വയ്ക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ബി വൈസ് ചെയര്‍മാന്‍ വേണുഗോപാലന്‍ നായര്‍ എല്‍ഡിഎഫിന് കത്ത് നല്‍കി. പത്തിന് വൈകീട്ട് മൂന്ന് മണിക്കാണ് ഇടതുമുന്നണി യോഗം. മണ്ഡലപര്യടനത്തിന്റെ മുന്നൊരുക്കങ്ങളാണ് പ്രധാന അജണ്ടയെങ്കിലും പുനസംഘടനയും ചര്‍ച്ചയാകും. ഘടക കക്ഷി സമ്മര്‍ദ്ദം ശക്തമാണെങ്കിലും മുന്നണി ധാരണ ജനസദസ്സിന് മുന്‍പെ നടത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേയാകും.