മദീന - ഈ വർഷത്തെ ഹജിനു ശേഷം വനിതകളെ പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിക്കുമെന്ന് അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് വെളിപ്പെടുത്തി. എത്ര വനിതകളെയാണ് പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിക്കുക എന്ന കാര്യം വൈകാതെ പരസ്യപ്പെടുത്തും. പബ്ലിക് പ്രോസിക്യൂട്ടർമാരായി നിയമിക്കുന്ന വനിതകളുടെ ഇന്റർവ്യൂ ഹജിനു ശേഷം പൂർത്തിയാക്കും. നിയമിക്കാനുദ്ദേശിക്കുന്ന വനിതാ പ്രോസിക്യൂട്ടർമാരുടെ എണ്ണവുമായി ബന്ധപ്പെട്ട് നിലവിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ റിയാദ് പ്രവിശ്യയിൽ മാത്രം നിയമിക്കുന്ന വനിതാ പ്രോസിക്യൂട്ടർമാരുടെ കണക്കല്ല. മറിച്ച്, സൗദിയിലെ എല്ലാ പ്രവിശ്യകളിലും നിയമിക്കാനുദ്ദേശിക്കുന്ന വനിതാ പ്രോസിക്യൂട്ടർമാരുടെ എണ്ണവുമായി ബന്ധപ്പെട്ട ഏകദേശ കണക്കാണിത്. പ്രോസിക്യൂട്ടർമാരായി നിയമിക്കപ്പെടുന്നതിന് ആഗ്രഹിക്കുന്ന നിരവധി വനിതകളിൽ നിന്ന് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഉയർന്ന യോഗ്യതകൾക്കും മറ്റു മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായാണ് വനിതാ പ്രോസിക്യൂട്ടർമാരെ തെരഞ്ഞെടുക്കുക.
പബ്ലിക് പ്രോസിക്യൂഷനു മുന്നിലെത്തുന്ന കേസുകൾ തരംതിരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നുണ്ട്. മാധ്യമങ്ങളുമായും മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ട ചില കേസുകൾ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ അധികാരത്തിൽ പെട്ടതാകും. അടുത്തിടെ ഒരു മാധ്യമപ്രവർത്തകനെതിരെ ആരോഗ്യ മന്ത്രാലയം നൽകിയ കേസ് പബ്ലിക് പ്രോസിക്യൂഷന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്ന് ഈ കേസ് ഇൻഫർമേഷൻ മന്ത്രാലയത്തിന് കൈമാറിയിരുന്നു. സൗദിയിൽ പീഡന കേസുകൾ വളരെ കുറവാണ്. സബ്ഗവർണറേറ്റുകളിൽ വനിതാ ജയിലുകൾ സ്ഥാപിക്കേണ്ടത് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയാണ്. ചെറുനഗരങ്ങളിലും സബ്ഗവർണറേറ്റുകളിലും കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കോടതികളിൽ കുറ്റപത്രം സമർപ്പിക്കുന്ന കാര്യത്തിൽ പബ്ലിക് പ്രോസിക്യൂഷൻ തങ്ങളുടെ പങ്ക് ഫലപ്രദമായി നിർവഹിക്കുന്നുണ്ടെന്നും അറ്റോർണി ജനറൽ പറഞ്ഞു.