Sorry, you need to enable JavaScript to visit this website.

യു. എസിലേക്ക് അനധികൃത കുടിയേറ്റം; ഒരു കൊല്ലത്തിനിടെ പിടിയിലായത് ഒരു ലക്ഷത്തോളം ഇന്ത്യക്കാര്‍

വാഷിംഗ്ടണ്‍- യു. എസിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചവരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനകം പിടിയിലായത് 96,917 പേര്‍. 2022 ഒക്ടോബര്‍ ഒന്നു മുതല്‍ 2023 സെപ്തംബര്‍ 30 വരെയുള്ള കണക്കാണിത്. 

യു. എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യാതിര്‍ത്തികളാണ് അനധികൃത കുടിയേറ്റക്കാര്‍ ഉപയോഗപ്പെടുത്തുന്നത്. കാനഡ അതിര്‍ത്തി വഴി കടക്കാന്‍ ശ്രമിച്ച 30,010 പേരും മെക്സിക്കോ വഴി ഉപയോഗപ്പെടുത്തിയ 41,770 പേരുമാണ് അറസ്റ്റിലായത്. 

ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇന്ത്യയിലെ അനധികൃത കുടിയേറ്റക്കാരില്‍ പിടിയിലായവരില്‍ ഭൂരിപക്ഷവും. പിടിയിലായവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടാകാമെന്നാണ് യു. എസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകള്‍ സംശയിക്കുന്നത്. 

യു. എസിലേക്കും കാനഡയിലേക്കും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിക്കുകയാണ്. ചില ട്രാവല്‍ ഏജന്‍സികളും ഏജന്റുമാരും ചേര്‍ന്നാണ് അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നത്. വന്‍ തുകയാണ് ഇതിനായി ഈടാക്കുന്നത്. 

അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയവരെ ചൂണ്ടിക്കാട്ടിയാണ് പലരേയും അനധികൃത കുടിയേറ്റത്തിന് പിന്നിലുള്ളവര്‍ പ്രലോഭിപ്പിക്കുന്നത്. പോലീസിന്റെ പിടിയിലായവരെയോ അത്തര്‍ക്കാര്‍ക്ക് പിന്നീടെന്ത് സംഭവിക്കുന്നു എന്നതോ അനധികൃത കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നവര്‍ പുറത്തു പറയാറില്ല.

Latest News