മക്ക - വിശുദ്ധ കഅ്ബാലയത്തിന്റെ ഭാഗമായ ഹജ്‌റുൽഅസ്‌വദിനു സമീപം സേവനമനുഷ്ഠിക്കുന്ന ഗാർഡിനെ (ഹാരിസ്) ഓരോ മണിക്കൂറിലും മാറ്റുന്നു. ഇരുപത്തിനാലു മണിക്കൂറും ഹജ്‌റുൽഅസ്‌വദിനു സമീപം ഹറം സുരക്ഷാ സേനക്കു കീഴിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നുണ്ട്. മികച്ച നിലയിൽ കൃത്യനിർവഹണം നിർവഹിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സാധിക്കുന്നതിനാണ് ഓരോ മണിക്കൂറിലും ഗാർഡിനെ മാറ്റുന്നത്.
ഉംറ, ഹജ് കർമങ്ങളുടെ ഭാഗമായ ത്വവാഫ് കർമം തീർഥാടകർ ആരംഭിക്കുന്നത് ഹജ്‌റുൽഅസ്‌വദിനെ ചുംബിച്ചും സ്പർശിച്ചും കൊണ്ടാണ്. ഇതിന് സാധിക്കാത്തവർ കൈകൾ ഉയർത്തി ഹജ്‌റുൽഅസ്‌വദിനെ അഭിവാദ്യം ചെയ്യുന്നു. ത്വവാഫ് കർമത്തിന്റെ ഭാഗമായി ഓരോ തവണ വിശുദ്ധ കഅ്ബാലയത്തെ പ്രദക്ഷിണം വെക്കുമ്പോഴും തീർഥാടകർ ഇങ്ങിനെ ചെയ്യുന്നു. ത്വവാഫ് കർമം അവസാനിപ്പിക്കുന്നതും ഹജ്‌റുൽഅസ്‌വദിനു സമീപത്താണ്. വിശുദ്ധ കഅ്ബാലയത്തിൽ ഹജ്‌റുൽഅസ്‌വദിനു സമീപം ഉയർന്ന സ്ഥലത്താണ് ഹാരിസ് നിലയുറപ്പിക്കുന്നത്. ഹജ്‌റുൽഅസ്‌വദിനെ ചുംബിക്കാനും സ്പർശിക്കാനും എത്തുന്ന ആയിരങ്ങളെ സഹായിക്കുക, ഹജ്‌റുൽഅസ്‌വദ് ചുംബിക്കുന്നതിനുള്ള ശരിയായ വഴിയെ കുറിച്ച് മാർഗനിർദേശങ്ങൾ നൽകുക, കടുത്ത തിരക്കിൽ പെട്ട് തീർഥാടകർ വീഴുകയോ ബോധരഹിതരായി നിലംപതിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ അതേ കുറിച്ച് സഹപ്രവർത്തകരെ അറിയിക്കുക എന്നീ ചുമതലകളും ഹജ്‌റുൽഅസ്‌വദ് ഹാരിസ് വഹിക്കുന്നു.