റിയാദ് - സൗദിയിൽ ഒക്‌ടോബറിൽ മഴക്കാലം ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. നവംബർ, ഡിസംബർ മാസങ്ങൾ വരെ മഴക്കാലം തുടരും. ഇത്തവണ സൗദിയിൽ നല്ല മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇത്തവണ സൗദിയിൽ വേനൽക്കാലത്തിന് ചൂട് കുറവാണ്. വർഷത്തിൽ താപനില ഏറ്റവും കൂടിയ ഓഗസ്റ്റ് മാസമാണിത്. എന്നാൽ ഇതുവരെ വലിയ തോതിൽ ചൂട് കൂടിയിട്ടില്ല. ഇത് വരാനിരിക്കുന്ന മഴക്കാലത്തിന്റെ സൂചനയാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ നാദിർ അൽസുലൈമി പറഞ്ഞു. ഈ വർഷം നാൽപതു ഡിഗ്രിക്കു മുകളിൽ താപനില ഉയർന്നിട്ടില്ല. കഴിഞ്ഞ നാൽപതു വർഷത്തിനിടെ സൗദിയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കൊല്ലങ്ങളിലെല്ലാം വേനൽക്കാലത്ത് താപനില ഇതിന് സദൃശ്യമായിരുന്നു. നാൽപതു വർഷത്തിനിടെ 1418 ലാണ് സൗദിയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 1402 ലും മഴ സീസൺ പതിവിൽ കൂടുതൽ കാലം നീണ്ടുനിന്നിരുന്നു. 1418 ലെതിനു സമമായ മഴ ഈ വർഷം ലഭിക്കുമെന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നതെന്നും നാദിർ അൽസുലൈമി പറഞ്ഞു.