കോഴിക്കോട്- ഇസ്രായിൽ അധിനിവേശത്തിൽ നിന്ന് ഫലസ്തീൻ ജനതക്ക് മോചനത്തിനായി പോരാടുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഹമാസിനെ തീവ്രവാദ ചാപ്പ കുത്തി അവഹേളിക്കുന്നത് മുജാഹിദ് നിലപാടല്ലെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി. അറബ് ഇസ്രായിൽ സംഘർഷത്തിന്റെ ചരിത്രമറിയാത്ത വിവരദോഷികളാണ് ഹമാസിനെതിരെ അധിക്ഷേപം നടത്തുന്നതെന്നും കെ.എൻ.എം മർകസുദ്ദഅവ അഭിപ്രായപ്പെട്ടു.
പശ്ചിമേഷ്യ കുരുതിക്കളമായി മാറിയിരിക്കുന്നു. പതിനായിരക്കണക്കിന് മനുഷ്യജീവനുകൾ ഇസ്രായിലിന്റെ വംശവെറിക്കിരയായി കഴിഞ്ഞ ദിവസങ്ങളിൽ പൊലിഞ്ഞു. 1880ൽ ഫലസ്തീനിലേക്ക് ആരംഭിച്ച ജൂത കുടിയേറ്റങ്ങളുടെ പരിസമാപ്തിയിലേക്കാണ് ഇസ്രായിൽ നീങ്ങികൊണ്ടിരിക്കുന്നത്. ജനിച്ച നാട്ടിലെ മണ്ണും വായുവും വെള്ളവും വെളിച്ചവും നിഷേധിക്കപ്പെട്ട ജനതയായി ഫലസ്തീനികൾ കഴിഞ്ഞ 75 വർഷത്തിലധികമായി അഭയാർഥി ക്യാമ്പുകളിലാണ് കഴിഞ്ഞുകൂടുന്നത്. 1948ൽ ഇസ്രായിൽ എന്ന രാജ്യം നിലവിൽ വന്നതു മുതൽ അറബ് ഇസ്രായിൽ സംഘർഷവും തുടർന്ന് വരികയാണ്. 1956, 1967, 1973 എന്നീ വർഷങ്ങളിൽ വലിയ ഏറ്റുമുട്ടലുകൾ ഉണ്ടായി. പശ്ചിമേഷ്യയിലെ അശാന്തിയെ പരിഹരിക്കാനായി നിരവധി കരാറുകൾ ഇതിന്ന് ശേഷം നിലവിൽ നിന്നു. ക്യാമ്പ് ഡേവിഡ് അക്കോർഡ്, ഒന്നാം ഓസ്ലോ കരാർ, രണ്ടാം ഓസ്ലോ കരാർ, നിരവധി യു.എൻ പ്രമേയങ്ങൾ. ഒരൊറ്റ കരാറും പാലിച്ചില്ലെന്ന് മാത്രമല്ല ഈ പ്രദേശത്ത് ഇസ്രായിലിന് നിർബാധം അധിനിവേശത്തിന് വഴിയൊരുക്കുകയായിരുന്നു അമേരിക്കയും ബ്രിട്ടനുമുൾപ്പെടെയുള്ള സാമ്രാജ്യത്വ ശക്തികൾ.
ഫലസ്തീനിനെ നാല് ഭാഗങ്ങളിൽ നിന്നും ഉപരോധിച്ച് സമാനതകൾ ഇല്ലാത്തവിധം വരിഞ്ഞുമുറുക്കുകയായിരുന്നു ഇസ്രായിൽ. അവശ്യ ജീവനോപാധികൾ ഇല്ലാതെ ദിനേനയെന്നോണം ധാരാളം കുരുന്നുകൾ ഫലസ്തീനിൽ മരിച്ചു വീണു. ഇടക്കിടെ ഉണ്ടായികൊണ്ടിരുന്ന സംഘർഷങ്ങളിലും നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞുകൊണ്ടിരുന്നു. അടിച്ചമർത്തുന്നവർ ഉയിർത്തെഴുന്നേൽക്കുമെന്നത് വസ്തുതയാണ്. പ്രതിരോധത്തിനായി ഫലസ്തീൻ യുവാക്കൾ സംഘടിച്ചു. 1987ൽ ഹമാസ് രൂപീകൃതമായി. 1990കളിലും 2000ലും ഉയിർത്തെഴുന്നേൽപ് സമരങ്ങൾ (ഇൻതഫാദ) ഉണ്ടായി. ഫലസ്തീനികളുടെ ദുരിതത്തിൽ നിന്ന് രൂപപ്പെട്ട ഹമാസിന്റെ ലക്ഷ്യം ആ നാടിന്റെ വിമോചനമാണ്, സ്വാതന്ത്ര്യമാണ്. അധിനിവേശത്തിനെതിരായി പിറന്ന നാടിനു വേണ്ടിയുള്ള സ്വാതന്ത്ര്യ സമര പോരാട്ടത്തിന് ഫലസ്തീനിൽ ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ഹമാസ് ആണ്. ആ പോരാട്ടം അവരുടെ അവകാശമാണ്. അതിനെ വിലകുറച്ച് കാണുന്നതും അവരിൽ ഭീകരവാദവും തീവ്രവാദവും ആരോപിക്കുന്നതും ചരിത്രബോധമില്ലാത്തവരിൽ നിന്നാണ് ഉണ്ടാകുക.
കൈയ്യടി നേടുന്നതിനും വാർത്തകളിൽ ഇടംപിടിക്കുന്നതിനും നിരുത്തര വാദപരമായ, ചരിത്ര വിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കരുത്. കേരളത്തിലെ മുസ്‌ലിം നവോഥാന പരിസരത്തിൽ രൂപപ്പെട്ടുവന്ന മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തിരുന്ന് ഭോഷ്‌കുകൾ പ്രചരിപ്പിക്കുന്നതും പ്രസ്ഥാനത്തെ പൊതുജന മധ്യത്തിൽ താറടിക്കുന്നതും ഉടനടി നിർത്തലാക്കണം. പിറന്ന നാട്ടിൽ ജീവിക്കാനുള്ള ഫലസ്തീനികളുടെ അവകാശത്തിന് പ്രവർത്തിക്കുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനമാണ് ഹമാസെന്ന് കെ.എൻ.എം മർകസുദ്ദഅവ മനസ്സിലാക്കുന്നു. മുജാഹിദുകൾ എന്ന പേരിൽ പ്രവർത്തിക്കുന്ന മറ്റു സംഘങ്ങൾ അവരുടെ നിലപാട് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കണം. കെ.എൻ.എം മർകസുദ്ദഅവ വൈസ് പ്രസിഡന്റ് കെ.പി. അബ്ദുറഹ്മാൻ സുല്ലമി അധ്യക്ഷത വഹിച്ചു. എൻജി. അബ്ദുൽ ജബ്ബാർ മംഗലതയിൽ, എൻജി. സൈദലവി, എൻ.എം. അബ്ദുൽ ജലീൽ, പി.പി. ഖാലിദ്, പി. അബ്ദുൽ അലി മദനി, എം.എം. ബഷീർ മദനി, കെ.എം. കുഞ്ഞമ്മദ് മദനി, കെ.പി. സകരിയ്യ, കെ.എം. ഹമീദലി, എം. അഹ്മദ് കുട്ടി മദനി, ഡോ. ഐ.പി. അബ്ദുസ്സലാം, കെ.എ. സുബൈർ, അഡ്വ. പി. മുഹമ്മദ് ഹനീഫ, ഫൈസൽ നന്മണ്ട, കെ.പി. അബ്ദുറഹ്മാൻ ഖുബ, ഡോ. അനസ് കടലുണ്ടി, എം.കെ. മൂസ്സ മാസ്റ്റർ, അബ്ദുൽ ലത്തീഫ് കരുമ്പുലാക്കൽ, സുഹൈൽ സാബിർ, ബി.പി.എ. ഗഫൂർ, സി മമ്മു കോട്ടക്കൽ, അലി മദനി മൊറയൂർ, ഡോ. അൻവർ സാദത്ത്, സി.ടി. ആയിഷ ടീച്ചർ, ആദിൽ നസീഫ്, അബ്ദുസ്സലാം, റുക്‌സാന വാഴക്കാട് പ്രസംഗിച്ചു.