Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ അഞ്ചര കിലോ ആനക്കൊമ്പുമായി ആറുപേർ പിടിയിൽ

മാനന്തവാടി-അഞ്ചര കിലോഗ്രാം ആനക്കൊമ്പുമായി ആറുപേർ വനസേനയുടെ പിടിയിലായി. കർണാടക ഗോണിക്കുപ്പ അറുവത്തൊക്‌ളു രണ്ടാം ബ്ലോക്കിലെ ബി.വി.രാജ(50), ഷെട്ടിഗിരി ഉലുവങ്ങാട ഗപ്പ (60),മൈവുരമ്മ നഗർ മൂക്കിലിക്കാട്ട് ഫിലിപ്പോസ് മാത്യു(60), ബത്തേരി മൂടക്കൊല്ലി കാക്കനാട് ജസ്റ്റിൻ ജോസ്(24), കാക്കനാട്ട് എൽദോസ്(31), ഇരുളം എടത്തറ സുബീഷ്(37)എന്നിവരാണ് അറസ്റ്റിലായത്. വനം ഇന്റലിജൻസ് സെല്ലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും കൽപറ്റ ഫ്‌ളയിംഗ് സ്‌ക്വാഡും ബേഗൂർ ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ നഗരത്തിലെ ഒരു സർവീസ് സ്റ്റേഷനു സമീപം കാറിലാണ് 105 സെന്റി മീറ്റർ നീളവും മധ്യത്തിൽ 25 സെന്റി മീറ്റർ വണ്ണവുമുള്ള ആനക്കൊമ്പ് കണ്ടെത്തിയത്. സമീപത്തെ ലോഡ്ജിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരെ  വിശദമായി ചോദ്യംചെയ്തുവരികയാണെന്നു വനം അധികൃതർ അറിയിച്ചു. പ്രതികളിൽ വയനാട് സ്വദേശികൾ ആനക്കൊമ്പ് വ്യാപാരത്തിലെ ഇടനിലക്കാരാണെന്നാണ് സൂചന.  
ഗോണിക്കുപ്പയിൽനിന്നാണ് ആനക്കൊമ്പ് വിൽപനയ്ക്ക് മാനന്തവാടിയിൽ എത്തിച്ചത്. ഒരു കൊമ്പുകൂടി പ്രതികളുമായി ബന്ധമുള്ളവരുടെ പക്കൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം ഉദ്യോഗസ്ഥർ കർണാടയിലേക്കു തിരിച്ചു. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, ഫഌയിംഗ് സ്‌ക്വാഡ് റേഞ്ച്് ഓഫീസർ എം.പി.സജീവ്, റേഞ്ച് ഓഫീസർമാരായ രമ്യ രാഘവൻ, കെ.രാകേഷ്, പ്രൊബേഷൻ റേഞ്ച് ഓഫീസർമാരായ കെ.രാഹുൽ, പി.വി.സനൂപ് കൃഷ്ണൻ, റോസ്‌മേരി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.
 

Latest News