Sorry, you need to enable JavaScript to visit this website.

സൗദിയിൽ ആറു മാസത്തിനിടെ അഞ്ചു ലക്ഷം  വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു

ഒന്നര വർഷത്തിനിടെ ജോലി നഷ്ടപ്പെട്ടത് 11 ലക്ഷം പേർക്ക് 

റിയാദ്- സൗദിയിൽ ആറു മാസത്തിനിടെ അഞ്ചു ലക്ഷത്തിലേറെ വിദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) റിപ്പോർട്ട് വെളിപ്പെടുത്തി. ഈ വർഷം രണ്ടാം പാദത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പട്ടത്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 3,13,000 ഓളം വിദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടു. ആദ്യ പാദത്തിൽ 1,99,500 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഈ വർഷം ആദ്യ പകുതിയിൽ 5,12,000 ലേറെ വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ടതായാണ് കണക്ക്. കഴിഞ്ഞ കൊല്ലം 5,86,000 ഓളം വിദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഒന്നര വർഷത്തിനിടെ സൗദിയിൽ 11 ലക്ഷത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടു. 
ഈ വർഷം രണ്ടാം പാദാവസാനത്തെ ഗോസി കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാർ 91,29,006 ആയി കുറഞ്ഞു. ആദ്യ പാദാവസാനത്തിൽ ആകെ ജീവനക്കാർ 94,70,013 ഉം 2017 അവസാനത്തിൽ ആകെ ജീവനക്കാർ 96,86,971 ഉം ആയിരുന്നു. ആറു മാസത്തിനിടെ ജീവനക്കാരുടെ എണ്ണത്തിൽ 5,57,965 പേരുടെ കുറവുണ്ടായി. ഇതിൽ 92 ശതമാനവും വിദേശികളാണ്. ഈ വർഷം രണ്ടാം പാദാവസാനത്തെ കണക്കുകൾ പ്രകാരം വിദേശ തൊഴിലാളികളുടെ എണ്ണം 73,95,446 ആയി കുറഞ്ഞു. 2017 അവസാനത്തിൽ വിദേശ തൊഴിലാളികൾ 79,07,511 ആയിരുന്നു. ആറു മാസത്തിനിടെ 5,12,000 ലേറെ വിദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടതായി ഈ കണക്കുകൾ വ്യക്തമാക്കുന്നു. 
ആറു മാസത്തിനിടെ 45,900 ഓളം സൗദികൾക്കും സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാർ 17,33,560 ആയി കുറഞ്ഞു. കഴിഞ്ഞ വർഷാവസാനം സൗദി ജീവനക്കാർ 17,79,460 ആയിരുന്നു. എന്നാൽ ഒന്നര വർഷത്തിനിടെ സ്വകാര്യ മേഖലയിൽ 58,400 ഓളം സൗദികൾക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. 2016 അവസാനത്തിൽ സ്വകാര്യ മേഖലയിൽ സൗദി ജീവനക്കാർ 16,75,172 ആയിരുന്നു. 
ഈ വർഷം രണ്ടാം പാദത്തിലാണ് ഏറ്റവുമധികം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടത്. ആദ്യ പാദത്തിൽ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾ 77,08,009 ആയിരുന്നു. രണ്ടാം പാദത്തിൽ ഇത് 73,95,446 ആയി കുറഞ്ഞു. 2017 ൽ 5,85,454 വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ 68,600 വിദേശികൾക്കും രണ്ടാം പാദത്തിൽ 1,10,700 വിദേശികൾക്കും മൂന്നാം പാദത്തിൽ 1,27,700 വിദേശികൾക്കും നാലാം പാദത്തിൽ 2,78,800 വിദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ടു. 2017 ആദ്യ പാദത്തിൽ 14,900 സൗദികൾക്ക് ജോലി നഷ്ടപ്പെട്ടു. എന്നാൽ രണ്ടാം പാദത്തിൽ 10,600 സ്വദേശികൾക്കും മൂന്നാം പാദത്തിൽ 16,000 ഓളം സൗദികൾക്കും നാലാം പാദത്തിൽ 92,700 ഓളം സൗദികൾക്കും സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചു. എന്നാൽ ഈ വർഷം ആദ്യ പാദത്തിൽ 17,500 സൗദികൾക്കും രണ്ടാം പാദത്തിൽ 28,400 സ്വദേശികൾക്കും തൊഴിൽ നഷ്ടപ്പെട്ടു. ഒന്നര വർഷത്തിനിടെ 58,400 സൗദികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 
---
 

Latest News