Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓലപ്പടക്കം പൊട്ടിയാലും...

ഓലപ്പടക്കത്തിന്റെ ശബ്ദം കേൾക്കുന്നതുപോലും മുസ്‌ലിംകൾക്ക് ഭയമാണിപ്പോൾ. കണ്ണൂരിലും എലത്തൂരിലും ഉണ്ടായ ട്രെയിൻ തീവെപ്പും കളമശേരി സംഭവുമൊക്കെ നൽകുന്ന സൂചനയതാണ്. എവിടെയും വെടിയൊച്ചകളൊന്നും കേൾക്കല്ലേയെന്നാണ് അവരുടെ പ്രാർഥന. അത്രകണ്ട് തെറ്റിദ്ധരിക്കപ്പെട്ട ഒരു സമൂഹമായി ഇസ്‌ലാം മതവിശ്വാസികൾ മാറിക്കഴിഞ്ഞു. കളമശേരിയിൽ യഹോവ സാക്ഷികൾ നടത്തിയ പ്രാർഥനാസംഗമത്തിലുണ്ടായ പൊട്ടിത്തെറിയിൽ വേദനിച്ചതും വിഷമിച്ചതും മുസ്‌ലിംകളാണ്. പ്രത്യേകിച്ച് കേരള മുസ്‌ലിംകൾ. 
മതവിദ്വേഷത്തിന്റെ വിഷംകലക്കികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങി സർവ തന്ത്രവും പ്രയോഗിച്ചിട്ടും മലയാളിയുടെ മതേതര മനസ് മാറ്റാൻ കഴിയാത്തതിലുള്ള അമർഷം മുഴുവൻ മുസ്‌ലിംകൾക്കുനേരെ പ്രയോഗിക്കുകയാണ് ഫാസിസ്റ്റുകൾ. കളമശേരി സ്ഫോടനം ഏതുവിധേനയും ഇസ്‌ലാമിന്റെ ചുമലിൽ കെട്ടിവെക്കാൻ നടത്തിയ ശ്രമം മണിക്കൂറുകൾകൊണ്ട് പൊളിഞ്ഞതിലുള്ള ജാള്യത്തിലാണ് അക്കൂട്ടർ. കളമശേരി സംഭവത്തോടെ മതേതര മുഖംമൂടിയണിഞ്ഞ 'ഫാസിസ്റ്റ് ചെന്നായ്ക്കളേയും' പുറത്തുകൊണ്ടുവരാൻ ഡൊമിനിക് മാർട്ടിന് കഴിഞ്ഞുവെന്നതാണ് വസ്തുത. കളമശേരി സ്ഫോടനം നടന്നുവെന്നറിഞ്ഞപ്പോൾ മുസ്‌ലിംകളുടെ മാനസികാവസ്ഥ എന്താണെന്ന് അനുഭവിച്ചവർക്കേ മനസിലാകൂ. സ്ഫോടനം എന്ന് കേട്ടപ്പോഴേ മുസ്‌ലിംകളുടെ പ്രാർഥന, അത് നടത്തിയവരിലോ അവരെ സഹായിച്ചവരിലോ അവർക്കെതിരേ വന്നവരിലോപോലും ഒരു മുസ്‌ലിം പേരുകാരനുണ്ടാകല്ലേ എന്നായിരുന്നു. കേരളത്തിലെ മുസ്‌ലിം കൂട്ടായ്മകളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെല്ലാം ഇത്തരം പ്രാർഥനകളായിരുന്നു മണിക്കൂറുകളോളം. ഓരോ വാർത്തകൾ പുറത്തുവരുമ്പോഴും മുസ്‌ലിംകൾ വളരെ ജിജ്ഞാസയോടും ആശങ്കയോടുമാണ് ശ്രവിച്ചത്. രണ്ടായിരത്തിലേറെ യഹോവയുടെ സാക്ഷികൾ എന്ന വിശ്വാസി സമൂഹം ഒത്തുകൂടിയ കളമശേരി സാമ്രാ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ അതി നിഷ്ഠുരമായ സംഭവമാണുണ്ടായത്. കുഞ്ഞുങ്ങളക്കം പൊള്ളലേറ്റും പരിക്കേറ്റും ആശുപത്രിയിൽ ജീവനുവേണ്ടി കേഴുമ്പോൾ ഇപ്പുറത്ത് ഒരുകൂട്ടർ സംഭവത്തിന്റെ കാരണക്കാർ പൂർണമായും മുഹമ്മദീയരാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും ഫാസിസ്റ്റ് ശക്തികളുടെ നിയന്ത്രണത്തിലുള്ള 
 
അപൂർവം ചില മാധ്യമങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്ന ഇത്തരം വർഗീയവിഷം ചീറ്റലുകൾ കളമശേരി സംഭവത്തോടെ മതേതരക്കാരെന്ന് സ്വയംവിശേഷിപ്പിച്ചുപോന്നതോ അല്ലെങ്കിൽ സമൂഹം അങ്ങനെ കണ്ടിരുന്നതോ ആയ മാധ്യമങ്ങളും അവയുടെ തലപ്പത്തിരിക്കുന്നവർ വരെയും പതിൻമടങ്ങ് ശക്തിയോടെ മുസ്‌ലിം ജനതക്കുനേരേ വാളോങ്ങുന്നതാണ് ദർശിക്കാനായത്. അതിന് ഉപോത്ബലകമായി അവർ കണ്ടത് ഫലസ്തീൻ-ഇസ്രായിൽ പോരാട്ടമാണ്. കേരളത്തിലെ ഒരു മുതിർന്ന ദൃശ്യമാധ്യമപ്രവർത്തകന്റെ മതേതര മുഖംമൂടി അഴിഞ്ഞുവീഴുന്നത് വളരെ ദയനീയമായാണ് കേരളീയ സമൂഹം ദർശിച്ചത്. ഇസ്രായിലുമായി വളരെ അടുപ്പം പുലർത്തുന്ന കൊച്ചിയിലെ ക്രൈസ്തവരെ ലക്ഷ്യമിട്ട് ഹമാസിന്റെ കേരള ടീം രംഗത്തുണ്ടാകുമെന്ന കാര്യം ഓർക്കാത്തത് ഇന്റലിജൻസിന്റെ വീഴ്ചയാണെന്നുവരെ അദ്ദേഹം പറഞ്ഞുവച്ചു. ഇയാൾക്കൊപ്പം കേരളത്തിൽ തലയെടുപ്പോടെ മാധ്യമ-അഭിഭാഷക രംഗത്തുള്ളയാളും കൂടിക്കൊടുത്തു. ഇവരുടെയൊക്കെ ഉള്ളിലിരിപ്പ് എന്താണെന്ന് ജനത്തിന് തിരിച്ചറിയാനുള്ള അവസരമായി കളമശേരിയിലെ ദൗർഭാഗ്യകരമായ സംഭവം. അതിന് മൂന്നുപേരുടെ ജീവൻ ബലിയർപ്പിക്കേണ്ടി വന്നല്ലോയെന്നതാണ് ഏറ്റവും ദുഃഖകരം. ബി.ജെ.പി നേതാക്കളും പ്രവർത്തകരും അവരുടെ പ്രസിദ്ധീകരണങ്ങളും ചാനലുമൊക്കെ ഇവ്വിധത്തിലേ പറയൂ, അല്ലെങ്കിൽ പ്രവർത്തിക്കൂ എന്ന് സാധാരണക്കാർക്കുപോലും മനസിലാകുന്ന കാലമാണ്. അവരത് ഭംഗിയായി നിർവഹിക്കുന്നതിനിടെയാണ് 'മതേതര വാദികളുടെ' ഈ കൂടിച്ചേരൽ. സംഭവമുണ്ടായി നാലുപാടും ചിതറിയോടിയ വിശ്വാസികളെ ആശുപത്രിയിലെത്തിക്കുന്നതിനോ, അവർക്കുവേണ്ട സഹായം എത്തിക്കുന്നതിനോ മുന്നിട്ടിറങ്ങാതെ മുഖ്യധാരാ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വർഗീയ വിദ്വേഷം വിളമ്പാനുള്ള ശ്രമങ്ങൾക്ക് ഏതായാലും അഞ്ച് മണിക്കൂറിന്റെ ആയുസ് മാത്രമാണുണ്ടായത്. എല്ലാ തലങ്ങളിലും സംഭവം മുസ്‌ലിംകളുടെ തലയിൽ കെട്ടിവെക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തെയാണ് തമ്മനം സ്വദേശിയായ ഡൊമിനിക് മാർട്ടിൻ തകർത്തത്. ആദ്യം ഫേസ്ബുക്കിലൂടെ തന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ച മാർട്ടിൻ നേരേ പോയത് കൊടകര പോലിസിലാണ്. 'താൻ ഡൊമിനിക് മാർട്ടിനാണ്, സ്ഫോടനം നടത്തിയത് ഞാനാണ്' ഇതുപറഞ്ഞിട്ട് പോലിസ്‌പോലും ആവർത്തിച്ച് പേര് ചോദിച്ചുവെന്നാണ് പുറത്തെത്തുന്ന വിവരങ്ങൾ. കേരളത്തിലെ പോലിസിനുപോലും അതൊരു മുസ്‌ലിം പേരുകാരനല്ലാതെ പോയതിലുള്ള വിഷമമുള്ളതുപോലെ. പിന്നെ, ഫാസിസ്റ്റ് മാധ്യമങ്ങളുടെയും അതിലെ ജീവനക്കാരുടെയും കാര്യം പറയേണ്ടതുണ്ടോ? 
ബോംബ് നിർമാണത്തിനുള്ള സാമഗ്രികൾ വാങ്ങിയതിന്റെ ബില്ലും നിർമാണരീതികളുമടക്കം മാർട്ടിൻ എത്തിച്ചിരുന്നില്ലെങ്കിൽ ആറുമാസം മുമ്പ് അയാൾ ജോലി ചെയ്ത അബുദാബിയിലേക്ക് വരെ അന്വേഷണ സംഘവും ഇവിടുത്തെ മാധ്യമ പ്രഭുക്കളും വിമാനം പിടിച്ചേനെ. സ്‌ഫോടനത്തിൽ അബുദാബിക്കുള്ള പങ്ക് അന്വേഷിക്കാൻ അന്താരാഷ്ട്ര ഏജൻസികളുടെ പിന്നാലെ പോയേനെ. ഇതിനിടെ 'തൊപ്പിവച്ച യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ' കണ്ണൂരിൽ പോലിസ് പിടികൂടി. പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ണൂരിൽ പിടികൂടി ചോദ്യംചെയ്തുവരുന്നു എന്ന തരത്തിലുള്ള പ്രചാരണത്തിന് അദ്ദേഹത്തിന്റെ മുഖം ഉൾപ്പെടെ പ്രദർശിപ്പിച്ചുകൊണ്ട് ചാനലുകൾ മത്സരിച്ചു. ജാർഖണ്ഡിലെ മദ്രസാ നിർമാണവുമായി ബന്ധപ്പെട്ട് പിരിവിനെത്തിയതാണെന്ന് പോലിസ് തിരിച്ചറിഞ്ഞതോടെ അദ്ദേഹത്തെ വിട്ടയച്ചു. തൊപ്പിയും താടിയും തലപ്പാവുമെല്ലാം ഭീകരതയുടെയും തീവ്രവാദത്തിന്റെയും ചിഹ്നങ്ങളാക്കി മുദ്രകുത്തി വച്ചിരിക്കുകയാണ് മുഖ്യധാരാ മാധ്യമങ്ങൾപോലും. സംഭവങ്ങളെയാകെ ഊഹങ്ങളും വസ്തുതാപരമല്ലാത്ത വിവരങ്ങളും പടച്ചുവിട്ട് മുസ്‌ലിം ജനതക്കുനേരേ സാധാരണക്കാരിൽപോലും വിദ്വേഷം ജനിപ്പിക്കുന്ന രീതിയാണിപ്പോൾ കണ്ടുവരുന്നത്. കളമശേരി സംഭവത്തിനുശേഷമുള്ള അഞ്ച് മണിക്കൂർ  മുസ്‌ലിം ജനതയെ എങ്ങനെ പ്രതിക്കൂട്ടിൽ കയറ്റാമെന്ന വികലമനസുള്ള കുറേ പടയാളികളുടെ തേരോട്ടമായിരുന്നു. പ്രാർഥനാ ഫലമോ എന്തോ, നവംബർ 29ന് ഉച്ചകഴിഞ്ഞപ്പോൾ മുസ്‌ലിം വാട്ട്സ്ആപ്പ് സൗഹൃദ ഗ്രൂപ്പുകളിലും മറ്റും കണ്ട സന്ദേശം 'ദൈവത്തിന് സ്തുതി, തൽക്കാലം നമ്മൾ രക്ഷപ്പെട്ടു' എന്നായിരുന്നു. പൊതുസമൂഹത്തിന്റെ മുന്നിൽ ഒരിക്കൽകൂടി മാപ്പുസാക്ഷ്യം പറയേണ്ടല്ലോ എന്ന ആശ്വാസവും. അതെ, തൽക്കാലം മാത്രമാണ് ഈ രക്ഷപ്പെടൽ. ഡൊമിനിക് മാർട്ടിൻ എന്ന 'ദേശീയ ക്രൈസ്തവൻ' കുറ്റമേറ്റെടുത്ത് രംഗത്തുവന്നില്ലായിരുന്നുവെങ്കിൽ..ഹൊ ..ഓർക്കാൻ കൂടി വയ്യ.

Latest News