കണ്ണൂർ- ഷുഹൈബ് കുടുംബ സഹായ ഫണ്ടുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്സിൽ തമ്മിലടി. ഒരാളെ സസ്‌പെൻഡു ചെയ്തു. രണ്ടു പേർക്കു കാരണം കാണിക്കൽ നോട്ടീസ്.
എടയന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി സമാഹരിച്ച ഫണ്ട് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കം കൈയ്യാങ്കളിയിലെത്തിയതാണ് വിവാദമായത്. കണ്ണൂർ ഡി.സി.സി ഓഫീസിനു മുന്നിൽ കഴിഞ്ഞ ദിവസം രാത്രി യൂത്ത് കോൺഗ്രസ് നേതാക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എത്തിയാണ് നേതാക്കളെ പിരിച്ചയച്ചത്. സംഭവം വിവാദമായതോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ചേർന്നാണ് അച്ചടക്ക നടപടി കൈക്കൊള്ളാൻ തീരുമാനിച്ചത്. അഴീക്കോട് ബ്ലോക്ക് യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡ് ഷറഫുദ്ദീൻ കാട്ടാമ്പള്ളിയെയാണ് സസ്‌പെൻഡു ചെയ്തത്.
കണ്ണൂർ പാർലമെന്ററി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജിൽ മാക്കുറ്റി, എളയാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡ് സുധീഷ് മുണ്ടേരി എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. സംഘടനാപരമായ വലിയ ഉത്തരവാദിത്തങ്ങളിൽ പ്രവർത്തിക്കുന്ന സമയത്ത് പാർട്ടിയുടെ അന്തസ്സിനു കോട്ടം വരുത്തുന്ന വിധത്തിൽ പെരുമാറിയെന്നതിനാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡ്വ. മാർട്ടിൻ ജോർജ്, ചന്ദ്രൻ തില്ലങ്കേരി എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. സാമൂഹ്യ പ്രവർത്തനം നടത്തിയതിന്റെ പേരിൽ ഷുഹൈബിനു വലിയ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു.
ഇത് പരിഹരിക്കുന്നതിനു കുടുംബസഹായമായി ലഭിച്ച തുകയിൽ നിന്നും ഒരു ഭാഗം ഉപയോഗിക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടതിനെ മറുഭാഗം എതിർക്കുകയും ഇത് വാക് തർക്കത്തിലും തുടർന്ന് കൈയ്യാങ്കളിയിലും ഏത്തുകയുമായിരുന്നു. നടപടിക്കു വിധേയനായ ഷറഫുദ്ദീനാണ് ആദ്യം കൈയ്യേറ്റത്തിനു മുതിർന്നത്. ഷുഹൈബിന്റെ മുഴുവൻ കൊലയാളികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡ്ന്റ് സതീശൻ പാച്ചേനി 48 മണിക്കൂർ നിരാഹാര സത്യഗ്രഹം ആരംഭിക്കുന്നതിനു തലേന്നാളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് നടപടിയുണ്ടായത്.