Sorry, you need to enable JavaScript to visit this website.

മരുന്ന്, ഭക്ഷ്യവസ്തു മേഖലയിൽ സൗദി, ഇന്ത്യ സഹകരണം ശക്തമാക്കുന്നു

ജിദ്ദ - സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിശാം അൽജദ്ഇയും ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും ന്യൂദൽഹിയിൽ വെച്ച് ചർച്ച നടത്തി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മേൽനോട്ടം വഹിക്കുന്ന മേഖലകളിൽ സൗദിയിലെ നിക്ഷേപ, സഹകരണ അവസരങ്ങളെ കുറിച്ചും സൗദിയിലേക്കുള്ള മരുന്ന്, ഭക്ഷ്യവസ്തു കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യയിലെ കൺട്രോൾ ഏജൻസികളുമായും കമ്പനികളുമായും ഏകോപനം നടത്തുന്നതിനെ കുറിച്ചും സൗദിയിലേക്കുള്ള കയറ്റുമതിക്ക് ഇന്ത്യൻ കമ്പനികൾ നേരിടുന്ന പ്രതിബന്ധങ്ങൾക്ക് പരിഹാരങ്ങൾ കാണുന്നതിനെ കുറിച്ചും ഇരുവരും വിശകലനം ചെയ്തു. 
ഇന്ത്യയിൽ നിന്ന് സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോ. ഹിശാം അൽജദ്ഇ പറഞ്ഞു. സൗദിയിലേക്ക് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ, സാങ്കേതിക വ്യവസ്ഥകൾ അടങ്ങിയ മിനിറ്റ്‌സ് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും ഇന്ത്യയിലെ അഗ്രിക്കൾച്ചറൽ ആന്റ് പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയും ഒപ്പുവെച്ചതിനെ കുറിച്ചും ഇന്ത്യയിലെ കൺട്രോൾ അതോറിറ്റികളുമായും മരുന്ന് കമ്പനികളുമായും ഇന്ത്യ സന്ദർശനത്തിനിടെ നടത്തിയ കൂടിക്കാഴ്ചകളെ കുറിച്ചും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വിശദീകരിച്ചു. 
ന്യൂദൽഹിയിൽ ഗ്ലോബൽ ഫുഡ് കോൺഫറൻസിന്റെ (വേൾഡ് ഫുഡ് ഇന്ത്യ 2023) ഉദ്ഘാടന ചടങ്ങിലും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ പങ്കെടുത്തു. ഫുഡ് പ്രോസസിംഗ് ഇൻഡസ്ട്രീസ് മന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രിയും ചേർന്നാണ് നവംബർ മൂന്നു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ വേൾഡ് ഫുഡ് ഇന്ത്യ 2023 സംഘടിപ്പിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. 
വേൾഡ് ഫുഡ് ഇന്ത്യ എക്‌സിബിഷനോടനുബന്ധിച്ച് സൗഹൃദ രാജ്യങ്ങളിലെ കൺട്രോൾ, നിക്ഷേപ, വ്യവസായ വകുപ്പ് അധികൃതരുമായി ഡോ. ഹിശാം അൽജദ്ഇ കൂടിക്കാഴ്ചകൾ നടത്തുകയും പ്രധാന പവലിയനുകൾ സന്ദർശിക്കുകയും ചെയ്തു. ആയിരത്തിലേറെ കമ്പനികൾ എക്‌സിബിഷനിൽ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യസംസ്‌കരണം, സാങ്കേതികവിദ്യ, ഉപകരണങ്ങൾ, നിർമാണം, വിതരണ ശൃംഖല, ലോജിസ്റ്റിക്‌സ്, കോൾഡ് ചെയിൻ, ഭക്ഷണം, റീട്ടെയിൽ എന്നീ മേഖലകളിൽ നിക്ഷേപ, സഹകരണ സാധ്യതകൾ എക്‌സിബിഷൻ മുന്നോട്ടുവെക്കുന്നു.
 

Latest News