തിരുവനന്തപുരം - സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന മുസ്‌ലിം ലീഗ് നിലപാടിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലീഗ് തീരുമാനം മുന്നണി ബന്ധത്തിൽ യു.ഡി.എഫിന്റെ ശക്തി തെളിയിക്കുന്നതാണ്. സി.പി.എം ലീഗിന്റെ പിറകെ നടക്കുകയാണ്. ഫലസ്തീൻ വിഷയത്തെ തരികിട രാഷ്ട്രീയത്തിന് സി.പി.എം ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് കോൺഗ്രസിനുളളത്. പണ്ട് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ അതുമില്ല. മുന്നണിക്ക് ഹാനികരമായതൊന്നും ലീഗ് ചെയ്യില്ല. കോൺഗ്രസും ലീഗും ജേഷ്ഠാനുജൻമാർ തമ്മിലുള്ള ബന്ധമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന കോൺഗ്രസിന്റെ, ബഹിഷ്‌കരണത്തിനിടെ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ കേരളീയം പരിപാടിയിൽ പങ്കെടുത്തത് സംബന്ധിച്ച പരാതി എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. ആര്യാടൻ ഫൗണ്ടേഷന്റെ ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനവുമായി ബന്ധപ്പെട്ട കോൺഗ്രസ് നിലപാട് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കുമെന്നും അദ്ദോഹം ചോദ്യങ്ങളോടായി പ്രതികരിച്ചു.