കോഴിക്കോട്- ജീവനും സ്വത്തിന്നും നേരെയുണ്ടാവുന്ന അക്രമണങ്ങളെ ചെറുക്കുന്നത് ഭീകതയല്ലെന്നും അതിനാൽ ഫലസ്തിനികൾക്ക് പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും കെ.എൻ.എം ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. പാളയം ജുമാ മസ്ജിദിൽ ജുമുഅ ഖുതുബാ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏഴര പതിറ്റാണ്ട് കാലമായി ഫലസ്തീനികൾ സയണിസത്തിൻ്റെ ക്രൂരതയാൽ കഷ്ടപ്പെടുകയാണ്. ഇസ്രയേലിൻ്റെ അധിനിവേശത്തിന് എതിരെ യുദ്ധം ചെയ്യുന്ന ഫലസ്തീനികൾ സ്വാതന്ത്ര്യ സമര പോരാളികളാണ്. അതിനാൽ അവർ ഭീകരവാദികളല്ല. എന്താണ് ഭീകരത എന്നതിന്ന് ലോക അംഗീകരിച്ച നിർവചനമുണ്ട്. അത് കൊണ്ടാണ് ഐക്യരാഷ്ട്ര സഭ ഇത് വരെ ഫലസ്തീനിൽ പൊരുതുന്ന ഒരു പാർട്ടിയെയും ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയില്ലാത്തത്. ഹമാസിനോട് യോജിക്കാം, വിയോജിക്കാം.അത് കൊണ്ടൊന്നും ഇപ്പോൾ നടക്കുന്ന യുദ്ധം ഭീകരതയാണെന്ന് പറയുന്നത് ശരിയല്ല. അത് കൊണ്ട് തന്നെയാണ് വ്യത്യാസം നോക്കാതെ നിരവധി ലോക രാഷ്ട്രങ്ങൾ ഫലസ്തീൻ പോരാളികൾക്കൊപ്പം നിൽക്കുന്നത്.
സൗദിയും ഇറാനും എല്ലാ അറബ് രാഷ്ട്രങ്ങളും ലോക ഇസ്ലാമിക പണ്ഡിതസഭകളും ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടൺ ബ്രിട്ടീഷുകാരുടേതാണെന്നത് പോലെ ഫലസ്തീൻ ഫലസ്തീനികളുടെതാണ് എന്ന ഗാന്ധിജിയുടെ പ്രഖ്യാപനം നീതിയുടെ ശബ്ദമാണ്. ഇന്ത്യയിലെ ജനങ്ങളും എല്ലാ മതേതര പാർട്ടികളും ഫലസ്തീൻ പക്ഷത്താണ്. ഇങ്ങോട്ട് യുദ്ധം ചെയ്യുകയും വീടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നവരെ ചെറുത്ത് നിൽക്കുന്നത് കുറ്റമല്ലെന്ന് ഖുർആൻ പറയുന്നുണ്ട്. സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ചെറുത്ത് നിൽപിൽ മരണം വരിക്കേണ്ടി വന്നാൽ അത് രക്ത സാക്ഷ്യമാണെന്ന് (ശഹീദ്) മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്. ഫലസ്തീൻ ചരിത്രം പഠിക്കാതെ ഫലസ്തീനികളെ ഭീകരന്മാർ എന്ന് വിളിക്കുന്നത് ക്രൂരതയാണെന്നും ഹുസൈൻ മടവൂർ വിശദീകരിക്കുകയും ഫലസ്തീനികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തുകയും ചെയ്തു.