Sorry, you need to enable JavaScript to visit this website.

ഇടുക്കി ജലനിരപ്പ് വീണ്ടും ഉയരുന്നു

തൊടുപുഴ- ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇന്നലെ പകൽ മഴ കനത്തു. അണക്കെട്ടിലെ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു. ഇന്നലെ രാവിലെ ആറിന് 2396.2 അടിയായിരുന്നു അണക്കെട്ടിലെ ജലനിരപ്പ്. പത്ത് മണിയായപ്പോൾ ജലനിരപ്പ് 0.06 അടി കുറഞ്ഞ് 2396.14 അടിയിലെത്തി. പകൽ പെയ്ത കനത്ത മഴയിൽ ജലനിരപ്പ് വീണ്ടും ഉയർന്ന് രാത്രി ഏഴിന് 2396.26 അടിയിലെത്തി. 1.34 കോടി യൂനിറ്റായിരുന്നു മൂലമറ്റത്തെ വൈദ്യുതി ഉത്പാദനം. 1.26 കോടി യൂനിറ്റിനുള്ള വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 1.38 സെ.മീ. മഴ പദ്ധതി പ്രദേശത്ത് രേഖപ്പെടുത്തി.  201.7 കോടി യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ഇപ്പോൾ അണക്കെട്ടിലുണ്ട്.
അതിനിടെ, ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2403 അടിയിൽ എത്തും മുമ്പേ തുറന്ന് വിടേണ്ടതില്ലെന്ന് ഡാം സുരക്ഷാ അതോററ്റി ചെയർമാൻ ജസ്റ്റീസ് സി .എൻ രാമചന്ദ്രൻ നായർ പറഞ്ഞു. ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ സുരക്ഷാ പരിശോധനക്ക് എത്തിയതായിരുന്നു  ചെയർമാനും സംഘവും. ഡാമിലെ ജലനിരപ്പ് 2403ൽ അധികം ഉയർന്നാലും ഡാമിന് സുരക്ഷാ ഭീഷണി ഇല്ല. ജലനിരപ്പ് 2396 അടി വരെ ഉയർന്നിട്ടും ഡാമിനുള്ളിൽ സീപ്പേജിന്റെ അളവിൽ വർധനയും ഡാമിന് ചോർച്ചയും ഒരിടത്തും കണ്ടെത്തുവാൻ കഴിഞ്ഞില്ല.
ഡാമിന് സുരക്ഷാ ഭീഷണിയുടെ പേരിൽ ജലനിരപ്പ് പൂർണ സംഭരണശേഷിക്ക് എത്തും മുമ്പേ തുറന്ന് വിടേണ്ട ആവശ്യം ഇല്ല. 2398 അടിയിൽ എത്തുമ്പോൾ മിനിമം തോതിൽ വെള്ളം തുറന്ന് വിടാനാണ്  സർക്കാർ തീരുമാനം എടുത്തത്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായാൽ കൂടുതൽ വെള്ളം തുറന്ന് വിട്ട്  പെരിയാർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് രാമചന്ദ്രൻ നായർ പറഞ്ഞു.  
സംഘം ചെറുതോണി, ഇടുക്കി, കുളമാവ് ഡാമുകളിൽ പരിശോധന നടത്തി. ഉച്ചയ്ക്ക് വാഴത്തോപ്പിലെ വൈദ്യുതി ബോർഡ് ആസ്ഥാനത്ത് എത്തിയ സംഘം സുരക്ഷ വിലയിരുത്തുന്നതിനായി യോഗം ചേർന്നു. 

Latest News