കോഴിക്കോട് - സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം നിരസിക്കാൻ മുസ്‌ലിം ലീഗിനെ പ്രേരിപ്പിച്ചത് യു.ഡി.എഫ് മുന്നണി ബന്ധം. ഫലസ്തീൻ പ്രശ്‌നത്തിൽ യോജിക്കാവുന്ന എല്ലാവരുമായും യോജിച്ചുതന്നെ നിൽക്കണമെന്നാണ് മുസ്‌ലിം ലീഗിന്റെ പൊതു വികാരമെങ്കിലും കോൺഗ്രസ് നേതാക്കൾ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചതോടെ മുന്നണി ബന്ധത്തിൽ വിള്ളലുണ്ടാക്കാതാരിക്കാനാണ് ലീഗ് മുഖ്യ പരിഗണന നൽകിയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
നേരത്തെ സി.പി.എം നടത്തിയ ഏകീകൃത സിവിൽ കോഡ് സെമിനാറിലേക്കുള്ള ക്ഷണം നിരാകരിച്ച ലീഗ് ഇത്തവണയും അത്തരമൊരു നിലപാടിൽനിന്ന് പിന്നാക്കം പോകരുതെന്ന ആവശ്യമാണ് കോൺഗ്രസ്, ലീഗ് നേതൃത്വത്തിന് മുമ്പിൽ വെച്ചത്. എന്നാൽ, പ്രധാന മുസ്‌ലിം സംഘടനകളെയെല്ലാം സെമിനാറിലേക്ക് ക്ഷണിച്ചപ്പോഴും, മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ ലീഗിനെ റാലിയിലേക്ക് ക്ഷണിച്ച് അവർക്ക് പ്രയാസമുണ്ടാക്കേണ്ടെന്നു കരുതി സി.പി.എം കാര്യങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടക്കാണ് പൊതുവെ സി.പി.എം വിരുദ്ധ നിലപാടുകൾ സ്വീകരിക്കാറുള്ള മുസ്‌ലിം ലീഗ് ദേശീയ കോ-ഓർഡിനേറ്റിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ തന്നെ സി.പി.എമ്മിന് മോഹപ്രതീക്ഷകൾ നൽകിയത്. 'സി.പി.എം റാലിയിലേക്ക് തങ്ങളെ ക്ഷണിച്ചാൽ പോകാവുന്നതേയുള്ളൂവെന്നും ഏകസിവിൽ കോഡിലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നു'മായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. തീർത്തും അപ്രതീക്ഷിതവും രാഷ്ട്രീയ കേന്ദ്രങ്ങളെയെല്ലാം ഞെട്ടിക്കുന്നതുമായിരുന്നു ഇ.ടിയുടെ പ്രഖ്യാപനം.
ഇതോടെയാണ് സി.പി.എം ഔദ്യോഗികമായി തന്നെ ലീഗ് നേതൃത്വത്തെ റാലിയിലേക്കും തുടർന്നുള്ള പൊതുമ്മേളനത്തിലേക്കും ക്ഷണിച്ചത്. സംഭവം ചർച്ചയായതോടെ, താൻ തീർത്തും വ്യക്തിപരമായ നിലപാടാണ് പങ്കുവെച്ചതെന്നും പാർട്ടി എടുക്കുന്ന തീരുമാനം എന്തായാലും അതിനൊപ്പമായിരിക്കുമെന്നും പിന്നീട് ഇ.ടി വ്യക്തമാക്കുകയുണ്ടായി.
എന്നാൽ, സി.പി.എം പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന യു.ഡി.എഫ് തീരുമാനം അവിടെത്തന്നെയുണ്ടെന്നും അത് എല്ലാവർക്കും ബാധകമാണെന്ന് കോൺഗ്രസ് നേതൃത്വം ലീഗിനെ ഓർമിപ്പിച്ചതോടെ സി.പി.എം റാലിയിലേക്കുള്ള ക്ഷണം സ്വീകരിച്ചാൽ അത് യു.ഡി.എഫ് ബന്ധത്തിൽ പരുക്കുകളുണ്ടാക്കിയേക്കാമെന്ന ദീർഘവീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഇ.ടിയുടെ നിലപാടിന് പാർട്ടിയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാതെ പോകുകയായിരുന്നു. ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്ത് യു.ഡി.എഫിന്റെ കെട്ടുറപ്പിന് വിഘാതമാവുന്നതൊന്നും ലീഗ് ചെയ്യേണ്ടതില്ലെന്ന ധാരണയിലെത്തിയത് അങ്ങനെയാണ്. അപ്പോഴും സി.പി.എം ക്ഷണത്തിലുള്ള സന്തോഷവും നന്ദിയുമെല്ലാം ലീഗിനുണ്ട്. റാലിയെ തള്ളിപ്പറയേണ്ട കാര്യമില്ലെന്നും മുസ്‌ലിം സംഘടനകളെല്ലാം അതോട് സഹകരിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നും ഭംഗിയായി കാര്യങ്ങൾ നടക്കട്ടേയെന്നുമാണ് ലീഗ് അപ്പോഴും ആഗ്രഹിക്കുന്നത്. എന്നാൽ, ലീഗ് വന്നില്ലെങ്കിലും വന്നതിന് സമാനമാണ് കാര്യങ്ങളെന്നാണ് സി.പി.എം വിലയിരുത്തൽ. അവർ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ചാണ് തങ്ങൾ ക്ഷണിച്ചത്. ലീഗ് റാലിയിലേക്ക് വരാൻ തീരുമാനിച്ചാലും വേണ്ടെന്നു തീരുമാനിച്ചാലും തങ്ങളുടെ നിലപാടിൽ കളങ്കമില്ലെന്നും അതിന്റെ അനുരണനങ്ങൾ പല നിലയ്ക്ക് പാർട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് സി.പി.എം പ്രതീക്ഷ.
ഫലസ്തീനിലെ കെടുതികൾ നാൾക്കുനാൾ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിൽ സർവകക്ഷി യോഗം ചേർന്ന് ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും ഇന്ത്യ മുന്നണിയും ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും മുസ്‌ലിം ലീഗിന് അഭിപ്രായമുണ്ട്.