കോഴിക്കോട് - സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. പ്രത്യേക യോഗം ചേരാതെ നേതാക്കൾ തമ്മിലുള്ള ആശയവിനിമയത്തിലൂടെയാണ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.
സി.പി.എം കോഴിക്കോട്ട് നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണം ലഭിച്ചാൽ പോകാവുന്നതേയുള്ളൂവെന്ന് മുസ്‌ലിം ലീഗ് ദേശീയ കോ-ഓർഡിനേറ്റിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. ഇതേ തുടർന്ന് സി.പി.എം നേതൃത്വം ഔദ്യോഗികമായി തന്നെ ലീഗ് നേതൃത്വത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത് ഏറെ ചർച്ചയായിരുന്നു. ലീഗ് സി.പി.എം പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരേ മുതിർന്ന കോൺഗ്രസ് നേതാക്കൾ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഏകസിവിൽ കോഡ് പ്രശ്‌നത്തിൽ സി.പി.എം വിളിച്ച സെമിനാറിലെ ക്ഷണം നിരസിച്ച മുസ്‌ലിം ലീഗ് പ്രസ്തുത നിലപാടിൽനിന്ന് മാറുന്നത് ശരിയല്ലെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഏകസിവിൽ കോഡ് സാഹചര്യവും ഫലസ്തീനിലെ അന്തർ ദേശീയ പ്രശ്‌നവും രണ്ടാണെന്നും താൻ തീർത്തും വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും പാർട്ടി ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനത്തിന് ഒപ്പമായിരിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ പിന്നീട് വിശദീകരിച്ചു. തുടർന്നാണ് പാർട്ടി യോഗം ചേർന്ന് സി.പി.എമ്മിന്റെ ഫലസ്തീൻ റാലിയിൽ പങ്കെടുക്കണമോ വേണ്ടയോ എന്നതിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കാമെന്ന് മുസ്‌ലിം ലീഗ് ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചത്. ഫലസ്തീൻ വിഷയത്തിൽ യോജിക്കാവുന്നവരുമായി ഐക്യമനസ്സോടെ മുന്നോട്ടു പോകണമെന്നും എന്നാൽ പരിപാടിയിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാതെ ലീഗിനെ മാത്രം ക്ഷണിച്ച് യു.ഡി.എഫിൽ വിള്ളലുണ്ടാക്കുന്ന രാഷ്ട്രീയ കുതന്ത്രങ്ങൾ കരുതിയിരിക്കണമെന്ന് ലീഗ് നേതൃത്വം ധാരണയിലെത്തുകയായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)