Sorry, you need to enable JavaScript to visit this website.

കേരളത്തിൽ പണിമുടക്ക് പൂർണം

മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വ്യവസായ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ മാർച്ച്.

തിരുവനന്തപുരം- മോട്ടോർ വാഹന നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളും ചെറുകിട വാഹന ഉടമകളും നടത്തിയ പണിമുടക്ക് സംസ്ഥാനത്ത് വിജയം. 
ഓൾ ഇന്ത്യാ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഓർഗനൈസേഷൻ ആഹ്വാനം അനുസരിച്ച് നടന്ന പണിമുടക്കിൽ തൊഴിലാളികൾ അണി ചേർന്നതോടെ പൊതുഗതാഗതം നിശ്ചലമായി. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട്, ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യബസ് തുടങ്ങിയ മേഖലകളിലെ തൊഴിലാളികളും ഡ്രൈവിംഗ് സ്‌കൂൾ, ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പുകളും സ്‌പെയർ പാർട്‌സ് കടകൾ, യൂസ്ഡ് കാർ, ചെറുകിട വാഹന ഉടമകൾ എന്നിവരും ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. സി.ഐ.ടി.യു, എ.ഐ.ടി.യു. സി, ഐ.എൻ.ടി.യു.സി, എച്ച്.എം.എസ്, എൽ.പി.എഫ്, എഫ്.ഐ.ടി.യു, യു.റ്റി.യു.സി, ടി.യു.സി.സി, എ.ഐ.യു. റ്റി.യു.സി, എ.ഐ.സി.സി.ടി.യു എന്നീ സംഘടനകളും സ്വതന്ത്ര ട്രേഡ് യൂണിയനുകളും ഒത്തുചേർന്നു. പണിമുടക്കിനെ പിന്തുണച്ച് കെ.ജി.ഒ.എ, എൻ.ജി.ഒ യൂണിയൻ തുടങ്ങിയ സംഘടനകളും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ജീവനക്കാരുടെ സംഘടനയും ലോറി ഉടമാസംഘടനകളും രംഗത്തു വന്നു. 
പണിമുടക്ക് കണ്ണൂർ ജില്ലയിൽ ഹർത്താലായി മാറി. അപൂർവം സ്വകാര്യ വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു. കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നിർത്തിവെച്ചിരുന്നു.  കണ്ണൂരിനു പുറമെ, മറ്റു പട്ടണങ്ങളിലും പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. കടകളും മറ്റു സ്ഥാപനങ്ങളും തുറന്നില്ല. 
വാഹന പണിമുടക്ക് വയനാട്ടിൽ പൂർണമായിരുന്നു. ഹർത്താൽ പ്രതീതിയായിരുന്നു ജില്ലയിലെ പ്രധാന നഗരങ്ങളിൽ. ഹോട്ടലുകളും മറ്റു വ്യാപാരസ്ഥാപനങ്ങളും  അടഞ്ഞുകിടന്നതും കെ.എസ്.ആർ.ടി.സി സർവീസ് നടത്താതിരുന്നതും ജനങ്ങളെ വലച്ചു. പണിമുടക്കുമായി ബന്ധപ്പെട്ട ജില്ലയിലെവിടെയും അനിഷ്ട സംഭവങ്ങളില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങൾ പണിമുടക്ക് അനുകൂലികൾ തടഞ്ഞില്ല.
കോഴിക്കോട്ട് സ്വകാര്യ ബസുകൾ, ഓട്ടോ, ടാക്‌സി, ചരക്കുവാഹനങ്ങൾ, കെ.എസ്.ആർ.ടി.സി തുടങ്ങി പൊതുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നഗരത്തിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും റോഡിലിറങ്ങിയത്. കോഴിക്കോട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് ഒരു ബസു പോലും സർവീസ് നടത്തിയില്ല. കടകൾ തുറന്നു പ്രവർത്തിക്കുന്നതിനു തടസ്സമുണ്ടായില്ലെങ്കിലും വാഹനങ്ങൾ ഓടാതിരുന്നതോടെ പലേടത്തും കടകളും തുറന്നില്ല. ഇതോടെ പണിമുടക്ക് ഹർത്താലിന്റെ പ്രതീതി സൃഷ്ടിച്ചു. 
വടകര കൈനാട്ടിയിൽ ചരക്കു ലോറി തടഞ്ഞ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതൊഴിച്ചാൽ മറ്റു അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. റയിൽവെ സ്റ്റേഷനുകളിൽ ഇറങ്ങിയവർ വാഹനം കിട്ടാതെ ബുദ്ധിമുട്ടി. പലരും റെയിൽവെ സ്റ്റേഷനിലും ബസ് ഷെൽട്ടറുകളിലും വിശ്രമിച്ചു. റെയിൽവെ സ്റ്റേഷനിൽ നിന്നടക്കം വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് വാഹനങ്ങളിൽ മെഡിക്കൽ കോളേജ് ഭാഗത്തേക്കും മറ്റു വിവിധ കേന്ദ്രങ്ങളിലേക്കും യാത്രക്കാരെ കൊണ്ടുപോയത് യാത്രക്കാർക്ക് വലിയ ആശ്വാസമായി.
മലപ്പുറത്ത് പ്രധാന നഗരങ്ങളിലെല്ലാം കച്ചവട സ്ഥാപനങ്ങൾ ഭാഗികമായി അടഞ്ഞു കിടന്നു. ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയതൊഴിച്ചാൽ ഗ്രാമീണ മേഖലയിലടക്കം പണിമുടക്ക് നന്നേ ബാധിച്ചു.
തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാർ പലരും സ്റ്റേഷനുകളിൽ കുടുങ്ങി. വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഹാജർനില നന്നേ കുറവായിരുന്നു. ഇതിനിടെ പൊന്നാനി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലേക്കു ജോലിക്കെത്തിയ ജീവനക്കാരെ ഒരു കൂട്ടം സിഐടിയു പ്രവർത്തകർ മർദിക്കാൻ ശ്രമിച്ചു. ജോലിക്കെത്തിയ ജീവനക്കാർ ഹാജർപട്ടികയിൽ ഒപ്പിട്ടതോടെഒരു സംഘം സി.ടി.ഐ.യു പ്രവർത്തകർ ഓഫീസിൽ അതിക്രമിച്ചുകയറി ഹാജർപട്ടിക തിരുത്തി.  സ്ഥലം എം.എൽ.എ കൂടിയായ സ്പീക്കർ വിഷയത്തിൽ ഇടപെട്ട് പ്രശ്‌നം ഒതുക്കിത്തീർത്തു. പണിമുടക്കിന്റെ ഭാഗമായി നിലമ്പൂർ ടൗണിൽ വാഹനങ്ങൾ തടഞ്ഞു. 

Latest News