കോഴിക്കോട് - സി പി എം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കാനായി മുസ്‌ലീം ലീഗിന്റെ നേതൃയോഗം ഇന്ന് കോഴിക്കോട്ട് ചേരും. കോഴിക്കോട് ലീഗ് ഹൗസില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. റാലിയില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് രൂക്ഷമായ അഭിപ്രായ ഭിന്നത ലീഗില്‍ നിലനില്‍ക്കുന്നുണ്ട്. ഡോ. എം കെ മുനീര്‍ ഉള്‍പ്പടെയുള്ള ചില നേതാക്കള്‍ റാലിയില്‍ പങ്കെടുക്കരുതെന്ന് ശക്തമായി വാദിക്കുന്നുണ്ട്. സി പി എം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുസ്‌ലീം ലീഗിനെ സി പി എം ഔദ്യോഗികമായി റാലിയിലേക്ക് ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതൃത്വത്തില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ലീഗ് നേതൃത്വം ഈ സമ്മര്‍ദ്ദത്തിന് വഴങ്ങുമോയെന്നാണ് അറിയാനുള്ളത്. സംസ്ഥാന രാഷ്ട്രീയ വിഷയമല്ല മറിച്ച് അന്താരാഷ്ട്ര തലത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നമാണ് ഫലസ്തീന്‍ വിഷയമെന്നാണ് സി പി എം റാലിയില്‍ പങ്കെടുക്കണമെന്ന് വാദിക്കുന്ന ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടയുള്ള നേതാക്കളുടെ നിലപാട്. ഫലസ്തീന്‍ വിഷയത്തില്‍ യോജിക്കാവുന്ന മുഴുവന്‍ സംഘടനകളെയും ഒരുമിച്ച് അണിനിരത്താനാണ് സി പി എം ശ്രമിക്കുന്നത്. വ്യക്തമായ നിലപാടില്ലാത്തതിനാല്‍ കോണ്‍ഗ്രസിനെ സഹകരിപ്പിക്കില്ല. തീവ്ര നിലപാടുള്ള മുസ്‌ലീം സംഘടനകളേയും മാറ്റി നിര്‍ത്താനാണ് തീരുമാനം.