ഒരിക്കലൊരു മലബാരിയെ അറബി മുതലാളി സ്‌നേഹത്തോടെ വിളിച്ചു.. മല്‍ബൂ..
അങ്ങനെ മല്‍ബു കഥകളുണ്ടായി..
അതിജീവിതയുടെ പുല്ലിംഗം എന്താണ്?
ഭാഷാ പണ്ഡിറ്റിന് മൽബു വാട്സ്ആപ്പ് ചെയ്തു.
കുറേ നേരമായിട്ടും മറുപടിയില്ല. മെസേജ് റീഡ് ചെയ്തതായി ബ്ലൂ ടിക്ക് കാണിക്കുന്നുമുണ്ട്.
സാധാരണ ഇങ്ങനെയല്ല. ചോദിക്കേണ്ട താമസം മറുപടി ലഭിച്ചിരിക്കും. ഭാഷയിലെ സംശയം മാത്രമല്ല,ഉത്തരം കിട്ടാത്ത എന്തും പണ്ഡിറ്റിനോട് ചോദിക്കാം.
പ്രവാസികൾ മാത്രമല്ല, നാട്ടുകാരും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയപ്പോൾ ചോദിക്കൂ,പറയാം എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങി.ഇക്കാലത്ത് വാട്സ്ആപ്പ് ഗ്രൂപ്പിലാണല്ലോ എല്ലാം.
രാഷ്ട്രപതിയുടെ സ്ത്രീലിഗം, പുലിയുടെ പുല്ലിംഗം തുടങ്ങി ഭാഷയിലെ സംശയങ്ങളായിരുന്നു തുടക്കത്തിൽ. പിന്നീട് ആകാശത്തിനു താഴെ എന്തും ചോദിക്കാമെന്നായി.
ചോദ്യങ്ങളിലൂടെ പണ്ഡിറ്റിനെ തോൽപിക്കാൻ ആളുകൾ മത്സരിച്ചു.
ഒരിക്കൽ പുലിയുടെ പുല്ലിംഗം ചോദിച്ചയാളോട് പണ്ഡിറ്റ് തിരിച്ചു ചോദിച്ചു.
പുലി പെണ്ണാണെന്ന് നിന്നോട് ആരു പറഞ്ഞു?
ചോദ്യങ്ങൾ തിരിച്ചടിക്കുകയാണെങ്കിൽ അതിനർഥം പണ്ഡിറ്റ് കുറച്ച് കുഴങ്ങിയിട്ടുണ്ട് എന്നാണ്. ശരിയായ ഉത്തരം കണ്ടെത്താൻ സാവകാശം കിട്ടാനുള്ള അടവാണ് പണ്ഡിറ്റിന്റെ തിരിച്ചുള്ള ചോദ്യങ്ങൾ.
പുലിപ്പാൽ കുടിച്ചു എന്നുണ്ടല്ലോ, അപ്പോൾ പുലി പെണ്ണു തന്നെയല്ലേ
എന്നാൽ ആണും പെണ്ണും പുലി തന്നെ. അങ്ങനെയാണ് അക്കാര്യത്തിൽ പണ്ഡിറ്റ് തീർപ്പു കൽപിച്ചത്.
മലയാളം ബി.എയുമായി ട്യൂട്ടോറിയൽ കോളേജിൽ പയറ്റുമ്പോഴാണ് പണ്ഡിറ്റ് വിമാനം കയറിയത്. നാടുവിട്ട ശേഷമാണ് ഇംഗ്ലീഷും അറബിയും സ്വായത്തമാക്കിയതും പല കാര്യങ്ങൾക്കും പ്രവാസി ബന്ധുവായതും.
എന്താണിഷ്ടാ, അതിജീവിതയുടെ പുല്ലിംഗം കൊണ്ടു കാര്യം
മൽബുവിന് പണ്ഡിറ്റിന്റെ മറുചോദ്യം കിട്ടി. പണ്ഡിറ്റ് ശരിക്കും ആശയക്കുഴപ്പത്തിലായിട്ടുണ്ട് എന്നാണ് അതിനർഥം.
സ്ത്രീകൾ പുരുഷന്മാരെ പീഡിപ്പിക്കുന്ന കാര്യവും വാർത്തയാകുന്ന കാലമാണ്. പുരുഷ ഇര വല്ലതും ഉണ്ടായോ ?
വീണ്ടും പണ്ഡിറ്റിന്റെ ചോദ്യം.
അതീജവിതം ലിംഗാധിഷ്ടിതം മാത്രമല്ലല്ലോ പണ്ഡിറ്റ് ജീ.. മൽബു വ്യക്തത വരുത്തി.
ലിംഗപ്രേരിതമായ അതിക്രമങ്ങൾ നേരിടുന്ന സ്ത്രീയാണ് പൊതുവെ, അതീജീവിത. ബലാത്സംഗത്തിൽ ഇരകളാക്കപ്പെടുന്ന സ്ത്രീകൾക്ക് പോരാട്ട വനിതകൾ നേടിക്കൊടുത്ത പേരാണ് അതിജീവിത. അഭിമാനാർഹമായ നേട്ടം തന്നെ. ഇപ്പോൾ സർവൈവേഴ്സിനെ വാർത്താ മാധ്യമങ്ങളും നീതിന്യായപീഠവുമൊക്കെ വിളിക്കുന്ന പേരാണ് അതിജീവിത.
ഫ്ളാറ്റിൽ അതിജീവിതയുടെ ഒരു പുല്ലിംഗമുണ്ട്. മൽബു വീണ്ടും മെസേജ് അയച്ചു, വിശദമായി തന്നെ.
അഞ്ച് വർഷം മുമ്പ് ഇയാളോടൊപ്പം പത്തു പേരായിരുന്നു താമസം. പതിനൊന്നാമനായി ഇയാളും. എല്ലാവരും രാവിലെ എട്ട് മണിയോടെ ടൈ കെട്ടി ജോലിക്ക് പോകുന്നവർ. പൊതുബോധം കീഴടക്കുമെന്നാണല്ലോ. വില കൂടിയ കാറുകളിൽ ടൈ കെട്ടി പോകുന്ന അവരെ പോലെ തനിക്കും നല്ല ജോലിക്ക് പോകണമെന്ന ആഗ്രഹം ഇയാൾക്കുമുണ്ടായി. ആശ കലശലായപ്പോൾ സി.വി തയാറാക്കാനും അഭിമുഖത്തിന് എങ്ങനെ തയാറെടുക്കണമെന്നൊക്കെ പഠിപ്പിക്കാൻ ബാക്കിയുള്ളവർ സഹായത്തിനെത്തി. ഒമ്പതുപേരും ഇയാളെ സഹായിക്കാൻ മുന്നോട്ടു വന്നപ്പോൾ ഒരാൾ മാത്രം ഒരു സഹായവും നൽകിയില്ല. മാത്രമല്ല, കൈയിലുള്ളത് കളയണ്ട എന്ന ഉപദേശമാണ് ടിയാൻ എപ്പോഴും നൽകിയത്.
കഠിനമായി ശ്രമിച്ചിട്ടും രണ്ടു വർഷമായിട്ടും പുതിയ ജോലി കണ്ടെത്താൻ കഴിഞ്ഞില്ല. ശ്രമം എങ്ങുമെത്താത്തതിനെ തുടർന്ന് സ്വദേശിവൽക്കരണത്തെയാണ് സഹായികളെല്ലാം പഴിച്ചത്. ഇയാൾക്കാകട്ടെ പത്താമന്റെ കരിനാക്കിനെ കുറിച്ചായിരുന്നു സംശയം.
ഒരിക്കൽ ജോലി ചെയ്തുകൊണ്ടിരിക്കെ, പത്താമനോട് നാക്കു നീട്ടാൻ പറഞ്ഞ് അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കഥ നീണ്ടു പോകുകയാണല്ലോ. പണ്ഡിറ്റിന്റെ മെസേജ്.
ഇതാ തീർന്നു, ഈ കഥാപുരുഷന്റെ ഫ്ളാറ്റിലാണ് ഇപ്പോൾ ഞാൻ താമസം. ഇയാൾ ശരിക്കും അതിജീവിതയുടെ പുല്ലിംഗം തന്നെയാണ്. ഒട്ടും സംശയമില്ല.
കാരണം
ടൈ കെട്ടി കാറിൽ പോകുന്ന ജോലിയാണല്ലോ പുള്ളിക്കാരൻ കൊതിച്ചിരുന്നത്. ഒമ്പതുപേർ രണ്ടല്ല, മൂന്നു വർഷം സഹായിച്ചിട്ടും അതു നടന്നില്ല. പഴയ ജോലി തന്നെ തുടർന്നു. പക്ഷേ ഇയാളോടൊപ്പം ഫ്ളാറ്റിൽ ഉണ്ടായിരുന്ന പത്തുപേരും ഇപ്പോൾ നാടനായി മാറി. സ്വദേശികൾ വന്നുവന്ന് നാട്ടിലേക്ക് പറഞ്ഞുവിട്ടു എന്നുവേണം പറയാൻ. അവർ ഇപ്പോൾ നമ്മുടെ അതിജീവിതയുടെ പുല്ലിംഗത്തിനു പിന്നാലെയാണ്.
ഭാര്യ നാട്ടിൽ നിൽക്കാൻ സമ്മതിക്കുന്നില്ല, ഒരു വിസ നോക്കുമോ..
ഇങ്ങനെയുള്ള മെസേജ് കിട്ടുമ്പോഴെക്കെ കഥാനായകൻ കരിനാക്കൻ പറഞ്ഞ വാക്കുകൾ ഓർക്കും. കൈയിലുള്ള വിദ്യ കളയാതെ നോക്കണം.
പത്തുപേരെ ആട്ടിപ്പായിച്ചിട്ടും പിടിച്ചുനിന്ന ഈ മഹാൻ എന്തു ജോലിയാണ് ചെയ്യുന്നത്
പണ്ഡിറ്റിന്റെ ചോദ്യം.
അന്നൊക്കെ ബാർബറായിരുന്നു. ഇപ്പോൾ ടൈ കെട്ടി കൊറോളയിൽ പോകുന്ന ഹെയർ സ്പെഷലിസ്റ്റാണ്.
അതിജീവിതയുടെ പുല്ലിംഗം ഇയാൾക്കു ചേരില്ല. ശേഷിച്ചയാൾ എന്നുമതി. പണ്ഡിറ്റ് തീർപ്പു കൽപിച്ചു.
മൽബുവിനും സന്തോഷം. കിട്ടിയത് നല്ല പദം തന്നെ.