അബൂദാബി- വിവിധ പദ്ധതികളിലായി യു. എ. ഇ 50 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്ന കാഴ്ചപ്പാടാണ് വന്‍ നിക്ഷേപങ്ങള്‍ നടത്താന്‍ യു. എ. ഇയെ പ്രേരിപ്പിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യു. എ. ഇ.
നിക്ഷേപ പദ്ധതികളുടെ ഭാഗമായി ശൈഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ബില്യണ്‍ കണക്കിന് ഡോളര്‍ നിക്ഷേപിക്കുന്നതിന് പ്രാരംഭഘട്ട ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യു. എ. ഇ പ്രസിഡന്റിന്റെ സഹോദരനും ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനിയുടെ ചെയര്‍മാനുമാണ് ശൈഖ് തഹ്നൂന്‍.
ഇന്ത്യയിലെ പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആസ്തികളിലേയും ഓഹരികളാണ് ഇന്ത്യയിലെ നിക്ഷേപ പദ്ധതികളില്‍ യു. എ. ഇ പ്രധാനമായും ലക്ഷ്യമിടുന്നത്. ചില നിക്ഷേപങ്ങളില്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടുകളായ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി എന്നിവ വഴിയായിരിക്കും നിക്ഷേപങ്ങള്‍ നടത്തുക.