Sorry, you need to enable JavaScript to visit this website.

അടിവസ്ത്രത്തിന് അധിക വില; പരാതിക്കാരിക്ക് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

കൊച്ചി-അടിവസ്ത്രത്തിന് അധിക വില ഈടാക്കിയതിന് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമക്ക് 15,000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ലീഗല്‍ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപ അടക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
തൃശൂര്‍ എംജി റോഡിലെ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയ്ക്കാണ് ശിക്ഷ. എട്ട് വര്‍ഷം മുമ്പ് 2015 മെയ് 13 നാണ് കേസിനാസ്പദമായ ഇടപാട്. പരാതിക്കാരി കടയില്‍ നിന്ന് 175 രൂപയ്ക്ക് ഒരു അടിവസ്ത്രം വാങ്ങി. എന്നാല്‍, വീട്ടില്‍ തിരിച്ചെത്തിയ ശേഷം പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന എംആര്‍പി 140 രൂപയാണെന്ന് കണ്ടു. തുടര്‍ന്നാണ് അവര്‍ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതിക്കാരി തെറ്റായ ബില്ലും തെറ്റായ ഉല്‍പന്നവുമാണ് ഹാജരാക്കിയെന്നായിരുന്നു കടയുടമയുടെ വാദം.  കമ്മീഷന്‍ പ്രസിഡന്റ് സി ടി സാബുവും അംഗങ്ങളായ ശ്രീജ എസ്, റാം മോഹന്‍ ആര്‍ എന്നിവരും ചേര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ രണ്ട് സ്റ്റിക്കറുകള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.  ഒന്നില്‍ എംആര്‍പി 175 രൂപയും മറ്റൊന്നില്‍ 140 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നത്.
പരാതി നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയുള്ളൂ എന്ന ചിന്താഗതി ഇല്ലാതാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പരാതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങള്‍ക്കും ചെലവായ 5000 രൂപ ഉള്‍പ്പെടെയാണ് 15000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

 

Latest News