കോഴിക്കോട് - സി പി എം നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കുള്ള സി പി എം ക്ഷണവുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റിനെതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സി പി എമ്മുമായി പരിപാടികളില്‍ സഹകരിക്കുന്നത് സംബന്ധിച്ച് യു ഡി എഫ് സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. എന്നാല്‍ സി പി എം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പി എം എ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യു ഡി എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി. സി പി എമ്മിന്റെ റാലിയില്‍ ക്ഷണം കിട്ടിയാല്‍ പങ്കെടുക്കുമെന്ന് മുസ്‌ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടുത്ത ജന്മത്തില്‍ പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്‌ക്കേണ്ടതില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് സുധാകരന്‍ പ്രതികരിച്ചത്. ഈ പ്രതികരമണാണ് മുസ്‌ലീം ലീഗിനെ ചൊടിപ്പിച്ചത്. സി പി എം നടത്തുന്ന ഫലസ്തീന്‍ റാലിയിലേക്ക് മുസ്‌ലീം ലീഗിനെ ക്ഷണിച്ചുവെന്ന് പി എം എ സലാം പറഞ്ഞു. ഔദ്യോഗികമായ ക്ഷണമാണ് സി പി എമ്മിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അക്കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് നാളെ പാര്‍ട്ടി നേതാക്കന്മാര്‍ കൂടിച്ചേര്‍ന്ന് തീരുമാനിക്കും. നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസില്‍ ഇതിനായി നേതാക്കള്‍ യോഗം ചേരും. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടെന്നും അത് നാളെ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും പി എം എ സലാം വ്യക്തമാക്കി.