Sorry, you need to enable JavaScript to visit this website.

കേരള പോലീസില്‍ 69 ഉദ്യോഗസ്ഥര്‍ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തു 

തിരുവനന്തപുരം- സംസ്ഥാന പോലീസില്‍ അഞ്ച് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത് 69 പേര്‍. കേരള പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അഞ്ച് വര്‍ഷത്തിനിടെ 12 പേര്‍ ആത്മഹത്യാ ശ്രമവും നടത്തിയിട്ടുള്ളതായി വ്യക്തമാക്കുന്നു. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ജീവിതം പാതിവഴിക്ക് അവസാനിപ്പിക്കുന്ന പോലീസുകാരുടെ എണ്ണം ഏറി വരുമ്പോഴും കൗണ്‍സിലിംഗിന് തയ്യാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയി.
പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം ഏറുന്നു എന്ന ചര്‍ച്ചകള്‍ക്കിടെയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്ത പോലീസുകാരുടെ കണക്ക് ശേഖരിച്ചത്. 2019 ജനുവരി മുതല്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ വരെ 69 പേരാണ് ആത്മഹത്യ ചെയ്തത്. ഇതില്‍ 32 പേര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരാണ്. 16 സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്. 2019ല്‍ 18 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 10 ഉം,21 ല്‍ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്. വിശദവും സമഗ്രവുമായി നടത്തിയ അന്വേഷണത്തില്‍ ജോലി സമ്മര്‍ദ്ദം എന്ന ഒറ്റക്കാരണമല്ല ആത്മഹത്യകള്‍ക്ക് പിന്നിലുള്ളത്. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും രോഗവും എല്ലാം കാരണമാണ്.സേനയുടെ കരുത്തും കെട്ടുറപ്പും മാനസിക ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും കൗണ്‍സിലിംഗ് നല്‍കാന്‍ പദ്ധതി തയ്യാറാക്കിയത്. മൂന്ന് വര്‍ഷം മുന്‍പത്തെ ആശയം ഇന്നും ഫയലില്‍ ഉറങ്ങുന്നു. ബംഗലൂരുവിലെ നിംഹാന്‍സുമായി സഹകരിച്ചായിരുന്നു പദ്ധതി. അഞ്ച് കോടി രൂപ ബജറ്റിട്ടു. പോലീസുകാരെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുള്ള പദ്ധതി പക്ഷെ ഇന്നും എങ്ങും എത്തിയിട്ടില്ല. സാമ്പത്തിക പരാധീനകളാണ് കാരണം പറയുന്നത്. സ്റ്റേഷനുകളില്‍ അതിരൂക്ഷമായ ആള്‍ക്ഷാമം കാരണം പൊലീസുകാര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി സമയം പാലിക്കാനാകില്ല. ജോലി ഭാരം കുറയ്ക്കാന്‍ ക്രമസമാധാനവും കുറ്റാന്വേഷണവും വേര്‍തിരിക്കുമെന്ന പ്രഖ്യാപനവും പാതിവഴിക്ക് ഉപേക്ഷിച്ച മട്ടാണ്.

Latest News