ചോദ്യം: ഞാൻ ഹൗസ് വൈഫ് ആണ്. മൂന്നു മാസത്തെ ഉംറ വിസയിലാണ് ഇപ്പോൾ സൗദിയിൽ വന്നിട്ടുള്ളത്. ഇവിടെ ജോലി ചെയ്യുന്ന എന്റെ ഭർത്താവിന് ഉംറ വിസ വിസിറ്റിംഗ് വിസയാക്കി മാറ്റാൻ സാധിക്കുമോ? അങ്ങനെയെങ്കിൽ കുറച്ചു നാൾ കൂടി ഭർത്താവിനൊപ്പം സൗദിയിൽ നിൽക്കാമല്ലോ?
ഉത്തരം: ഉംറ വിസ വിസിറ്റിംഗ് വിസയാക്കി മാറ്റാൻ കഴിയില്ല. ഉംറ വിസയുടെ കാലാവധി കഴിയുന്നതിനു മുൻപ് നിങ്ങൾ രാജ്യം വിട്ടു പോകണം.
അതിനുശേഷം വിസിറ്റിംഗ് വിസയിൽ വേണമെങ്കിൽ തിരിച്ചു വരാം. അതല്ലാതെ ഇവിടെനിന്നുകൊണ്ട് ഉംറ വിസ വിസിറ്റിംഗ് വിസയാക്കി മാറ്റാൻ നിർവാഹമില്ല.
വിസിറ്റിംഗ് വിസ അടിച്ച ശേഷം സ്ഥലംമാറ്റം ഉണ്ടായാൽ
ചോദ്യം: എനിക്കും മക്കൾക്കും ഫാമിലി വിസിറ്റിംഗ് വിസ ലഭിച്ചിട്ടുണ്ട്. ജിദ്ദക്കാണ് വിസ ലഭിച്ചിരിക്കുന്നത്. വിസ ഇഷ്യു ചെയ്ത ശേഷം ഭർത്താവിന് റിയാദിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. ഈ സാഹചര്യത്തിൽ തങ്ങൾക്ക് റിയാദിൽ നേരിട്ടു പോകാൻ കഴിയുമോ? അതോ ജിദ്ദയിൽ തന്നെ വരേണ്ടതുണ്ടോ?
ഉത്തരം: തൊഴിൽ വിസയിലോ, വിസിറ്റിംഗ് വിസയിലോ വരുന്നവർക്ക് ഇപ്പോൾ സൗദി അറേബ്യയിലെ ഏതു സ്ഥലത്തുകൂടെയും വരാം. നേരത്തെ എങ്ങോട്ടേക്കാണോ വിസ ഇഷ്യു ചെയ്തിട്ടുള്ളത് അങ്ങോട്ടു തന്നെ പോകണമായിരുന്നു. ഇപ്പോൾ ഇമിഗ്രേഷൻ നടപടിക്രമങ്ങൾ കേന്ദ്രീകൃതമായതിനാൽ രാജ്യത്തിന്റെ ഏതു ഭാഗത്തുകൂടെയും പ്രവേശിക്കാം.
അതിനാൽ നിങ്ങൾക്കു ജിദ്ദക്കു വരാതെ നേരിട്ടു റിയാദിലേക്കു പോകാം.
ഗതാഗത നിയമ ലംഘനത്തിന്റെ പിഴ ആര് അടക്കണം?
ചോദ്യം: എനിക്ക് ഗതാഗത നിയമലംഘനത്തിന് 3000 റിയാൽ പിഴ ഉണ്ട്. ഇഖാമയുടെ കാലാവധി അടുത്ത മാസം അവസാനിക്കും. ഇഖാമ പുതുക്കുന്നതിന് പിഴ ഞാൻ അടക്കണമെന്നാണ് സ്‌പോൺസർ ആവശ്യപ്പെടുന്നത്. ഹൗസ് ഡ്രൈവറായി സ്‌പോൺസർക്കൊപ്പം ജോലി ചെയ്യുന്ന സാഹചര്യത്തിൽ പിഴ ഞാൻ അടക്കേണ്ടതുണ്ടോ?
ഉത്തരം: പിഴയടക്കാതെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുകയില്ല. നിങ്ങളുടെ കാര്യത്തിൽ പിഴ നിങ്ങളോ സ്‌പോൺസറോ അടക്കണം. നിങ്ങൾ സ്‌പോൺസറുമായി ഉണ്ടാക്കിയിരിക്കുന്ന കരാർ അനുസരിച്ചാണ് ആര് പിഴ അടക്കണമെന്ന് തീരുമാനിക്കേണ്ടത്. ട്രാഫിക് പിഴ ഉണ്ടായാൽ സ്‌പോൺസറാണ് അടക്കേണ്ടതെന്ന് തൊഴിൽ കരാറിൽ ഉണ്ടെങ്കിൽ സ്‌പോൺസർ അടക്കണം.
അതല്ലെങ്കിൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും. ഇക്കാര്യത്തിൽ സ്‌പോൺസറുമായി സമയവായത്തിലെത്തി പിഴ അടക്കുന്നതിന് അദ്ദേഹത്തിന്റെ സഹായം തേടുന്നതായിരിക്കും ഉത്തമം.