ബുറൈദ- ഖസിം മേഖലയിലെ അല്‍ഉഖൈലത്ത് ഒട്ടക മേള ആരംഭിച്ച് നാലു ദിവസത്തിനകം 18 ദശലക്ഷം റിയാലിന്റെ വില്‍പ്പന രേഖപ്പെടുത്തി. ബുറൈദ നഗരത്തെയും അല്‍അസിയ ഗവര്‍ണറേറ്റിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ ഖസീം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് മേള.
ഖസിം പ്രവിശ്യാ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ മിശ്അല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച ഫെസ്റ്റിവല്‍ നവംബര്‍ 5 വരെ തുടരും. മേളയോടനുബന്ധിച്ച് സാംസ്‌കാരിക, വിനോദ, സാമ്പത്തിക, സാമൂഹിക പ്രവര്‍ത്തനങ്ങളും കവിതാ സായാഹ്നങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഒട്ടക സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട സെമിനാറുകളും സാംസ്‌കാരികവും സാമൂഹികവുമായ പൈതൃകത്തെ പരിചയപ്പെടുത്തുന്ന പരിപാടികളും മേളക്ക് ആധികാരികത പകരുന്നു.
സൗദി നാടോടി പൈതൃകത്തിന്റെ ആഴവും രൂപവും വ്യക്തമാക്കുന്നതാണ് ലേലവും അനുബന്ധ പരിപാടികളും. ദേശീയതലത്തില്‍ സാമ്പത്തികമായ പ്രാധാന്യവും പരിപാടിക്കുണ്ട്.
ബുറൈദയിലെ അല്‍ഉഖൈലത്ത് ഒട്ടക മേള സാമ്പത്തിക വികസന മേഖലകക്ക് മികച്ച സംഭാവനയാണ് നല്‍കുന്നതെന്ന് ഒട്ടക ലേല സെക്രട്ടറിയേറ്റ് സൂപ്പര്‍വൈസര്‍, റിട്ട. മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ബദ്‌റാനി ചൂണ്ടിക്കാട്ടി. പ്രൊഫഷണല്‍ രീതിയില്‍ സംഘടിപ്പിക്കപ്പെട്ട ലേലം മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണ്ണത്തിലാണ് നടക്കുന്നത്.