തിരുവനന്തപുരം - കേരളത്തിൽ ആദ്യമായി ബി.എസ്.സി ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജി കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സ് കോഴിക്കോട് മെഡിക്കൽ കോളജിൽ ആരംഭിക്കുന്നതിന് അനുമതി നല്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
രാജ്യത്തു തന്നെ വളരെ കുറച്ച് മെഡിക്കൽ കോളേജുകളിൽ മാത്രമുള്ള ഈ കോഴ്‌സിന് കോഴിക്കോട്ട് ആറു സീറ്റാണുണ്ടാവുക. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത അധ്യയന വർഷം തന്നെ കോഴ്‌സ് ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
റേഡിയോ ആക്ടീവ് മൂലകങ്ങളും അവയുടെ വികിരണങ്ങളും ഉപയോഗിച്ച് രോഗനിർണയവും ചികിത്സയും നടത്തുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ന്യൂക്ലിയർ മെഡിസിൻ കോഴ്‌സ്. പുതിയ കോഴ്‌സ് ആരംഭിക്കുന്നതോടെ നൂതനമായ ന്യൂക്ലിയാർ മെഡിസിൻ ടെക്‌നോളജിയിൽ കൂടുതൽ വിദഗ്ധരെ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.