Sorry, you need to enable JavaScript to visit this website.

ജഡ്ജിയും അഭിഭാഷകരും ഉൾപ്പെടെ 50-ഓളം പേർക്ക് ശാരീരികാസ്വാസ്ഥ്യം; തലശ്ശേരിയിലെ മൂന്ന് കോടതികൾ രണ്ടു ദിവസത്തേക്ക് അടച്ചു 

(തലശ്ശേരി) കണ്ണൂർ - ജഡ്ജിയും അഭിഭാഷകരും കോടതി ജീവനക്കാരും ഉൾപ്പെടെയുള്ളവർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടർന്ന് തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികൾ രണ്ടുദിവസത്തേക്ക് അടച്ചു. 
 കോടതിയിലെത്തിയ അൻപതോളം പേർക്കാണ് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് മെഡിക്കൽ സംഘം കോടതിയിലെത്തി പരിശോധന നടത്തുകയായിരുന്നു. അസ്വാസ്ഥ്യമുണ്ടായവരുടെ രക്ത സാമ്പിളും സ്രവവും ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായി ആരോഗ്യപ്രവർത്തകർ പറഞ്ഞു.
 രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന മൂന്ന് കോടതികളിൽ വന്നവർക്കാണ് പനിയും ശരീരവേദനയും ചൊറിച്ചിലും അടക്കം ആരോഗ്യപ്രശ്‌നങ്ങളുണ്ടായത്. അലർജിക്ക് സമാനമായ ലക്ഷണങ്ങളാണ് പലർക്കുമുണ്ടായത്. ഇതേ തുടർന്ന് ഒരു ജഡ്ജിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 മുൻകരുതലിന്റെ ഭാഗമായി അഡീഷണൽ ജില്ലാ കോടതി രണ്ടും മൂന്നും പ്രിൻസിപ്പൽ സബ് കോടതിയും വെളളിയാഴ്ച വരെ പ്രവർത്തിക്കില്ല. തൊട്ടടുത്ത് പുതിയ എട്ടുനില കോടതി സമുച്ചയത്തിന്റെ പണി നടക്കുന്നുണ്ട്. അവിടെ നിന്നുളള പൊടിപടലങ്ങളും പെയിന്റ്, തിന്നർ തുടങ്ങിയ വിവിധ കെമിക്കലുകളുമാണോ ആരോഗ്യപ്രശ്‌നങ്ങളിൽ വില്ലനാവുന്നതെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Latest News