ന്യൂദൽഹി- കരിപ്പൂരിൽനിന്ന് എയർ ഇന്ത്യയുടെ ജിദ്ദ സർവീസ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് മുസ്ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി.
എയർ ഇന്ത്യ 2015ൽ നിർത്തലാക്കിയ ജിദ്ദ വിമാന സർവീസ് ഒക്ടോബർ മാസത്തിൽ പുനരാരംഭിക്കാൻ ഏകദേശം ധാരണയായെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് എയർ ഇന്ത്യ നാളെ ഡി ജി സി എയ്ക്ക് കൈമാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇന്നലെ വിമാനത്താവളത്തിൽ എയർ ഇന്ത്യ അധികൃതർ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. എയർപോർട്ട് അതോറിറ്റി ചെയർമാൻ എന്ന നിലയിൽ എം പിമാരോടൊപ്പം എയർ ഇന്ത്യ ചെയർമാനെ സന്ദർശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഉടൻ തന്നെ സുരക്ഷാ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കിയത്. നൂറ് ശതമാനം തൃപ്തിയോടെയാണ് എയർ ഇന്ത്യ സംഘം കരിപ്പൂരിൽ നിന്നും തിരിച്ചു പോയത്. ഇതോടൊപ്പം തന്നെ സൗദി എയർ ലൈന്റെ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിനുള്ള നീക്കവും സജീവമാണ്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.