പെണ്‍മക്കള്‍ ഗാസയില്‍, ദുബായില്‍ കുടുങ്ങിയ ഉമ്മക്ക് പ്രാര്‍ഥന മാത്രം, കുടുംബത്തില്‍ മരിച്ചത് 20 പേര്‍

ദുബായ്- ഇസ്രായില്‍- ഫലസ്തീന്‍ സംഘര്‍ഷത്തിനിടയില്‍, ഗാസയില്‍നിന്നുള്ള സന്ദര്‍ശകയായ വനിത ദുബായില്‍ ഒറ്റപ്പെട്ടു. യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പില്‍ താമസിക്കുന്ന കുടുംബത്തേയും പെണ്‍മക്കളേയുമോര്‍ത്ത് നീറുകയാണ് അവര്‍. 'സര്‍വ്വശക്തന്‍ എന്റെ പെണ്‍മക്കളെയും കുടുംബത്തെയും ഗാസയിലെ എന്റെ ജനത്തെയും സംരക്ഷിക്കട്ടെയെന്ന നിരന്തര പ്രാര്‍ത്ഥനയിലാണ് അവര്‍. പ്രിയപ്പെട്ടവരുടെ സുരക്ഷക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ഥിക്കുകയാണ് അവര്‍.
മകനോടൊപ്പം സെപ്റ്റംബര്‍ 20ന് ദുബായിലുള്ള അമ്മയെയും സഹോദരിയെയും സന്ദര്‍ശിക്കാനാണ ഇവരെത്തിയത്. പെണ്‍മക്കള്‍ ഗാസയില്‍ തുടര്‍ന്നു. ഒക്‌ടോബര്‍ പകുതിയോടെ ഗാസയിലേക്ക് മടങ്ങാനുള്ള പരിപാടി അതിര്‍ത്തി അടച്ചതോടെ നടപ്പാക്കാനായില്ല. ഇത് യു.എ.ഇയില്‍ തന്നെ തുടരാന്‍ അവരെ നിര്‍ബന്ധിതരാക്കി.
ഇന്റര്‍നെറ്റ് തടസ്സങ്ങളും ദുര്‍ബലമായ ഫോണ്‍ കണക്റ്റിവിറ്റിയും കുടുംബത്തെക്കുറിച്ച വിവരം അനിശ്ചിതത്വത്തിലാക്കി. 'യുദ്ധംമൂലം ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചു, ഗാസയിലെ എന്റെ പെണ്‍മക്കളുമായും ബന്ധുക്കളുമായും ബന്ധപ്പെടാനാകുന്നില്ല- ആശങ്കാകുലയായ അമ്മ കൂട്ടിച്ചേര്‍ത്തു.
നാട്ടില്‍ നിന്നുള്ള വാര്‍ത്തകള്‍ വേദനിപ്പിക്കുന്നതാണ്. 'വീട്ടില്‍നിന്നുള്ള ആളുകളുമായി ഞങ്ങള്‍ നടത്തുന്ന ഓരോ സംഭാഷണത്തിലും, ആരെങ്കിലും മരിക്കുന്നതിനെക്കുറിച്ചാണ് പറയാനുള്ളത്.
'ഈ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഏകദേശം 20 കുടുംബാംഗങ്ങളുടെ വാര്‍ത്ത എനിക്ക് ലഭിച്ചതായി അവര്‍ പറഞ്ഞു. നിരവധി പരിചയക്കാരും മരിച്ചിട്ടുണ്ട്. തന്റെ പെണ്‍മക്കള്‍ ശാരീരികമായി സുരക്ഷിതരാണ്. എന്നാല്‍ സങ്കടം, നിരാശ, സമ്മര്‍ദ്ദം എന്നിവ താങ്ങാനാകുന്നില്ല. 'എന്റെ മൂത്ത മകള്‍ ഗര്‍ഭിണിയാണ്. അവള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വൈകാരികവും ശാരീരികവുമായ സമ്മര്‍ദ്ദം എനിക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല- അവര്‍ പറഞ്ഞു.

 

Latest News