അബുദാബി - ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ടെര്‍മിനലുകളിലൊന്ന് അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍ ടെര്‍മിനലിന്റെ മൂന്നിരട്ടി വലിപ്പത്തിലാണ് അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ എ യുടെ രൂപകല്‍പന. ലോകമെമ്പാടുമുള്ള 117 ലക്ഷ്യസ്ഥാനങ്ങളിലേക്ക് 28 എയര്‍ലൈനുകള്‍ ഇവിടെ നിന്ന് പുറപ്പെടും.
പുതിയ ടെര്‍മിനലിലെ ആദ്യ യാത്രക്കാരെ സ്വീകരിക്കാന്‍ എല്ലാ സേവനങ്ങളും സൗകര്യങ്ങളും ഇപ്പോള്‍ തയാറാണ്. രണ്ടാഴ്ചക്കുള്ളില്‍ എയര്‍ലൈനുകള്‍ ടെര്‍മിനലിലേക്ക് മാറും.
നവംബര്‍ 1 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍നിന്ന് പ്രവര്‍ത്തിക്കുമോ?
നവംബര്‍ 1 മുതല്‍ 14 വരെ വിമാനക്കമ്പനികളുടെ പരിവര്‍ത്തന കാലയളവായിരിക്കും. ഇതിനര്‍ഥം എല്ലാ ടെര്‍മിനലുകളും (എ, 1, 2, 3) ഒരേസമയം പ്രവര്‍ത്തിക്കും. നവംബര്‍ 14 മുതല്‍ എല്ലാ എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് മാത്രമായി പ്രവര്‍ത്തിക്കും.
നവംബര്‍ 1-14 തീയതികളില്‍ അബുദാബിയിലേക്കോ അവിടെനിന്നോ പറക്കുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത്...
നിങ്ങള്‍ നവംബര്‍ ആദ്യ രണ്ടാഴ്ചകളില്‍ യു.എ.ഇ തലസ്ഥാനത്തേക്കോ അവിടെനിന്നോ പറക്കുകയാണെങ്കില്‍, നിങ്ങളുടെ ടെര്‍മിനല്‍ സ്ഥിരീകരിക്കാന്‍ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റിലോ എയര്‍ലൈനിലോ ഏറ്റവും പുതിയ ഫ്‌ളൈറ്റ് വിവരങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. എല്ലാ അബുദാബി എയര്‍പോര്‍ട്ട് ടെര്‍മിനലുകളും നവംബര്‍ 1 മുതല്‍ 14 വരെ ഒരേസമയം പ്രവര്‍ത്തിക്കും.
ടെര്‍മിനല്‍ എയില്‍ നിന്ന് ഏതൊക്കെ എയര്‍ലൈനുകള്‍ പ്രവര്‍ത്തിക്കും?
നവംബര്‍ 1: വിസ് എയര്‍ അബുദാബിയും മറ്റ് 15 അന്താരാഷ്ട്ര എയര്‍ലൈനുകളും പുതിയ ടെര്‍മിനലില്‍നിന്ന് പറന്നു തുടങ്ങും.
നവംബര്‍ 9: ഇത്തിഹാദ് എയര്‍വേയ്‌സ് പ്രതിദിനം 16 ഫ്‌ളൈറ്റുകള്‍ നടത്തും.
നവംബര്‍ 14: ഇത്തിഹാദ്, എയര്‍ അറേബ്യ അബുദാബി എന്നിവയുള്‍പ്പെടെ 28 എയര്‍ലൈനുകളും ടെര്‍മിനല്‍ എയില്‍ നിന്ന് പൂര്‍ണമായി പ്രവര്‍ത്തിക്കും.