കോഴിക്കോട്- പുതിയ പാർട്ടിയുണ്ടാക്കാൻ തനിക്ക് ഭ്രാന്തില്ലെന്ന് മന്ത്രി ഡോ. കെ.ടി ജലീൽ. ഇന്ത്യൻ സെക്കുലർ ലീഗ് എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കാൻ ജലീൽ നീക്കം നടത്തുന്നുണ്ടെന്നായിരുന്നു മനോരമ ന്യൂസ് പുറത്തുവിട്ട വാർത്ത. എന്നാൽ പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം നടത്തുന്നത് പോയിട്ട് ആലോചിച്ചിട്ട് പോലുമില്ലെന്ന് ജലീൽ പറഞ്ഞു. ഇടതുപക്ഷത്തുള്ള അഞ്ച് സ്വതന്ത്ര എം.എൽ.എമാരെ ചേർത്ത് ഇന്ത്യൻ സെക്കുലർ ലീഗ് എന്ന പാർട്ടി ജലീലിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്നുവെന്നായിരുന്നു വാർത്ത. ഈ പാർട്ടിക്ക് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി, മലപ്പുറം ലോക്‌സഭ സീറ്റുകൾ നൽകിയേക്കുമെന്നും വാർത്തിയിലുണ്ടായിരുന്നു.
എന്നാൽ, ഇക്കാര്യം കുറേ മാസങ്ങൾക്ക് മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ആ ചർച്ചയാണ് ചാനൽ വാർത്തയാക്കിയത് എന്ന വാദവും ഉയർന്നിട്ടുണ്ട്. മുസ്്‌ലിം ലീഗിനെ പ്രതിരോധത്തിലാക്കാൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന തരത്തിലായിരുന്നു ചാനലിന്റെ വാർത്ത.