കോഴിക്കോട്- സമസ്തയും വാഫി സംഘടനകളും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാക്കിയത് സ്വകാര്യ വാർത്താ ചാനലായ മീഡിയ വൺ ആണെന്ന് സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വിമർശനം.
കുറിപ്പ് വായിക്കാം;
വിഷം വമിക്കുന്ന മാധ്യമങ്ങൾ...
കഴിഞ്ഞ ആഴ്ച കോഴിക്കോട് ഫലസ്ഥീൻ ഐക്യദാർഢ്യ മഹാറാലി നടന്നു. വൻ വിജയമായിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നേതൃത്വം നൽകിയത്. ഇന്നലെ ജില്ലാ തലങ്ങളിൽ സമസ്ത പ്രാർത്ഥനാ സദസ്സുകൾ സംഘടിപ്പിച്ചു. അതും വൻ വിജയമായിരുന്നു. ക്രൂരൻമാരായ ജൂത കിങ്കരൻമാരോടുള്ള രോഷവും നിർദ്ദയം അടിച്ചമർത്തപ്പെടുന്ന ഫലസ്ഥീനികളോടുള്ള ഐക്യദാർഢ്യവുമാണ് ഈ പരിപാടികളിലുള്ളവൻ ജന പങ്കാളിത്തത്തിനുള്ള കാരണം. ഇരുപരിപാടികളിലും നേതാക്കൾ വിഷയാധിഷ്ഠിതവും ഭക്തിനിർഭരവുമായ പ്രസംഗങ്ങളും പ്രാർത്ഥനകളുമാണ് നടത്തിയത്. കുത്ത് വാക്കുകളും കുറ്റപ്പെടുത്തലുകളും ഒളിയമ്പുകളും നടത്തേണ്ട പരിപാടികളല്ലല്ലോ ഇത്.
കോഴിക്കോട് പരിപാടിയിലാണ് സയ്യിദ് ജിഫ്‌രി തങ്ങൾ പങ്കെടുത്തത്. ഒരു നേതാവ് പ്രവർത്തകർക്ക് മുമ്പിൽ പറയേണ്ട വിധം തങ്ങൾ പ്രസംഗത്തിൽ ഇപ്രകാരം പറഞ്ഞു. 'ജില്ലകളിൽ മാത്രം മതി എന്ന് വെക്കാൻ കാരണം, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന തലത്തിൽ പരിപാടി വെക്കുകയാണെങ്കിൽ ഈ കോഴിക്കോട് കടപ്പുറം ഒന്നും മതിയാകയില്ല.' സ്വാഭാവികമായ വാക്കുകൾ.
പരിപാടി മാധ്യമങ്ങൾ മാന്യമായി റിപ്പോർട്ട് ചെയ്തു. പക്ഷെ, മീഡിയാ വൺ ഇതിന് പുതിയൊരു വ്യാഖ്യാനം കണ്ടെത്തി പ്രചരിപ്പിച്ചു. അതിങ്ങനെ:
'ലീഗിനെതിരെ ഒളിയമ്പെറിഞ്ഞ് ജിഫ്രി തങ്ങൾ.' ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം.
കേരളത്തിലെ രണ്ട് പ്രബല മുസ്ലിം സംഘടനകളായ സമസ്തയെയും മുസ്ലിം ലീഗിനെയും തെറ്റിക്കാൻ കഴിഞ്ഞ കുറച്ച് കാലമായി കിണഞ്ഞ് ശ്രമിച്ച് കൊണ്ടിരിക്കുകയാണ് ഇവർ. ഇബ്ലീസിന്റെ പണി സ്വയം ഏറ്റെടുത്തതാണോ..? ഈ മീഡിയാ വണ്ണിന്റെ മുത്തശ്ശിയായിരുന്നു പണ്ട് സേട്ട് സാഹിബിനെയും മറ്റു ചില പ്രമുഖരെയും വഴി തെറ്റിച്ചു കുഴിയിൽ ചാടിച്ചത്. വാഫീ പ്രശ്‌നം ഇത്ര രൂക്ഷമാക്കിയതും മീഡിയാവൺ തന്നെയായിരുന്നല്ലോ.
കളമശ്ശേരി സ്‌ഫോടനത്തിൽ നികേഷ് കുമാറും സെബാസ്റ്റ്യൻ പോളും സന്ദീപ് വാര്യരും മുസ്ലിംകളെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിക്കുമ്പോൾ മുസ്‌ലിംകളെ തമ്മിലടിപ്പിച്ച് ചോരക്കുടിക്കാനാണ് മീഡിയാവൺ ശ്രമിക്കുന്നത്. ഈ ഹീനകൃത്യം നാം തിരിച്ചറിഞ്ഞേ തീരൂ.